ഔന്നത്യം എളിമയാക്കിയ മഹത് വ്യക്തിത്വം
text_fieldsഔന്നത്യം എന്നത് എളിമയാണെന്ന് മാധ്യമത്തെ, മാധ്യമത്തിലെ ജീവനക്കാരെ പഠിപ്പിച്ച മഹാനായിരുന്നു സിദ്ദീഖ് സാഹിബ് എന്ന് എല്ലാവരും ബഹുമാനത്തോടെ വിളിക്കുന്ന പ്രൊഫ. കെ.എ സിദ്ദീഖ് ഹസൻ. ഒരേ സമയം മാധ്യമത്തിന്‍റെ രക്ഷിതാവും ഉടമയും ജീവനക്കാരനും ജീവനും തന്നെയായിരുന്നു അദ്ദേഹം. മാധ്യമത്തിന്‍റെ പ്രസാധകരായ ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് സെക്രട്ടറി, പിന്നീട് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുേമ്പാൾ അദ്ദേഹത്തിന്‍റെ ഹൃദയ താളം മാധ്യമം തന്നെയായിരുന്നു.
ഏൽപിക്കപ്പെട്ട ദൗത്യത്തിന്‍റെ പൂർത്തീകരണത്തിായി ജീവാർപ്പണം ചെയ്യുക എന്നത് അക്ഷരാർഥത്തിൽ ജീവിതം കൊണ്ട് തെളിയിച്ചാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. ആശുപത്രിയിലാണെന്നറിഞ്ഞ് പോയി കാണാൻ ആഗ്രഹിച്ചിരുന്നെങ്കിലും സാഹചര്യങ്ങൾ വിലക്കുകയായിരുന്നു. അവധിയെടുത്തു വീട്ടിലിരിക്കെയാണ് വിവരം കേട്ടത്. ഉടനെ അവസാന നോക്കിനായി പുറപ്പെട്ടെങ്കിലും ഖബറക്കം ബുധനാഴ്ച രാവിലെയാണെന്നറിഞ്ഞതോടെ, യാത്ര അടുത്ത ദിവസത്തേക്ക് നീട്ടിവെക്കണോ എന്നൊരാലോചന വന്നെങ്കിലും, മനസ്സിന്‍റെ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന എളിമ തുളുമ്പുന്ന ആ മുഖം അസാധാരണമാംവണ്ണം പിടിച്ചു വലിക്കുന്നതു പോലെ തോന്നി. ആ കാന്തിക ശക്തിയിൽ യാത്ര തുടർന്നു. ജീവിച്ചിരിക്കെ ആ പുഞ്ചിരി വെട്ടത്തിൽ വന്നവരെല്ലാം വിവരമറിഞ്ഞ ഉടനെ അവസാന നോക്കിനായി പ്രവഹിച്ചതും ആ കാന്തിക ബലത്തിലായിരിക്കണം.
ജെ.ഡി.ടി പോളിടെക്നിക്കിന്റെ മുറ്റത്ത് ശീതീകരിച്ച പെട്ടിയിൽ അന്ത്യവിശ്രമത്തിലായിരിക്കുേമ്പാഴും മുഖത്ത് മായാതെ നിൽക്കുന്ന ഇളംചിരി ജീവിത സാഫല്യത്തിന്‍റെ മുദ്ര തന്നെയായിരിക്കണം. പൂർണമായും അടയാത്ത കണ്ണുകൾ വലയം ചെയ്തു പോകുന്നവരിലേക്ക് സഹനത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഊർജം പ്രസരിപ്പിക്കുന്നതായി തോന്നി. അത് സ്വന്തം കരുത്തായി കൊണ്ടു നടന്ന സഹപ്രവർത്തകരുടെയും സ്നേഹിച്ചനുഗ്രഹിച്ച ശിഷ്യരുടെയും കൂടെ നടത്തിയ മാധ്യമം ജീവനക്കാരുടെയും ഉള്ളിലെ വിതുമ്പലായി.
പ്രസിദ്ധീകരണമാരംഭിച്ച് ഒന്നരമാസത്തിനു ശേഷം മാധ്യമത്തിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ തന്നെ പിതൃതുല്യരായവർ ചൊരിഞ്ഞ സ്നേഹവും സുരക്ഷയുമാണ് വെല്ലുവിളികൾ നിറഞ്ഞ ജോലിയുമായി മുന്നോട്ടു പോകാനുള്ള ധൈര്യം പകർന്നത്. പത്രം നടത്തിപ്പ് സാഹസമായി ഏറ്റെടുത്ത സിദ്ദീഖ് സാഹിബ് അടക്കമുള്ളവർ പണം കണ്ടെത്താൻ നടത്തുന്ന നെട്ടോട്ടങ്ങൾ ജീവനക്കാരുടെയെല്ലാം ചെവികളിൽ അപ്പപ്പോൾ എത്തിയിരുന്നു. അതുകൊണ്ടു തന്നെ എന്ത് ത്യാഗം സഹിച്ചും മാധ്യമത്തെ കരപറ്റിക്കാനുള്ള കഠിന യത്നത്തിലായിരുന്നു പദവികളുടെ കനം നോക്കാതെ ഓരോരുത്തരും.
ബ്യൂറോയിലായിരിക്കുേമ്പാൾ വാർത്താ നഷ്ടങ്ങളെ കുറിച്ചും പുതിയ വാർത്തകൾ കണ്ടെത്തേണ്ടതിനെ കുറിച്ചും ചെയർമാനിൽനിന്നും സെക്രട്ടറിയിൽനിന്നും എഡിറ്ററിൽനിന്നും അതിന് താഴെയുള്ളവരിൽനിന്നും വിളി വരാം. അതിലൊന്നും അസ്വസ്ഥത തോന്നിയിരുന്നുമില്ല. ആദ്യം സെക്രട്ടറിയും പിന്നീട് ചെയർമാനുമായിരിക്കെ സിദ്ദീഖ് സാഹിബിൽനിന്നും അത്തരം വിളികൾ വന്നിരുന്നു. ഒരേ സമയം ഭയവും ബഹുമാനവുമുയർത്തിയ ആ വിളികൾ മാധ്യമത്തിന്‍റെ വളർച്ചയിലെ പടവുകളാവുകയായിരുന്നു.
പക്ഷേ, പ്രതിസന്ധികൾ കുമിഞ്ഞു കൂടുകയായിരുന്നു. പത്രം തുടങ്ങിയ പ്രസ്ഥാനം തന്നെ മാധ്യമത്തിന്‍റെ അകാലചരമത്തിന് വിധിയെഴുതി. മൂന്ന് മാസത്തെ അവധി വാങ്ങി, മാധ്യമത്തിലെ ജീവനക്കാരെ വെള്ളിമാട് കുന്നിലെ ഐ.എസ്.ടിയിൽ വിളിച്ചുവരുത്തിയത് സിദ്ദീഖ് സാഹിബായിരുന്നു. ആ കൂടിച്ചേരലിൽ, അദ്ദേഹത്തിേന്റതടക്കമുള്ളവരുടെ വികാരനിർഭരമായ വാക്കുകൾ നെഞ്ചേറ്റി, മാനേജ്മെന്റും ജീവനക്കാരും കൈമെയ് മറന്ന് തങ്ങളുടേതായ നിലം ഉഴുതു മറിച്ചാണ് മാധ്യമ ലോകത്ത് വിസ്മയമായ വിളവെടുപ്പ് നടത്തിയത്.
തുളുമ്പാത്ത സ്നേഹം പകർന്നും ഒച്ചയില്ലാതെ ശാസിച്ചും ഗർവ് തെട്ടുതീണ്ടാതെയുമാണ് അദ്ദേഹം മാധ്യമത്തെയും അതിലെ ജീവനക്കാരെയും വഴിനടത്തിയത്. പ്രസ്ഥാനത്തിനകത്തും പുറത്തും എളിയ ജീവിതത്തിന്‍റെ മാതൃകയായി വർത്തിച്ച സിദ്ദീഖ് സാഹിബ്, ഇന്ത്യാ മഹാരാജ്യത്തിലെ കാരുണ്യസ്പർശമേൽക്കാത്തവർക്കും അശരണർക്കുമുള്ള തണൽ മരമായി വളരുന്നതിനിടയിലാണ് രോഗാതുരനാവുന്നത്. സ്ഥലവും കാലവും നോക്കാതെ, രാവും പകലും നോക്കാതെ ജീവാർപ്പണം ചെയ്തതിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു രോഗം അദ്ദേഹത്തെ വരിഞ്ഞു മുറുക്കിയത്. ശ്വാസം നിലക്കുേമ്പാൾ മുക്കാൽ നൂറ്റാണ്ടിന്‍റെ ജീവിത സാഫല്യം, അദ്ദേഹം വരും തലമുറക്കായി അവശേഷിപ്പിച്ച തിളക്കമേറിയ നാഴികക്കല്ലുകളായിരിക്കും. അതായിരിക്കും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്ക് നിദാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.