ചികിത്സ സഹായ അഭ്യർഥനകളിൽ അക്കൗണ്ട് നമ്പർ മാറ്റി പണം തട്ടുന്ന സംഘങ്ങൾ വിലസുന്നു
text_fieldsപഴയങ്ങാടി: സമൂഹമാധ്യമങ്ങളിലും മറ്റു വാർത്ത മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന സഹായ അഭ്യർഥനകളിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന ബാങ്ക്, ഫോൺ നമ്പറുകൾ എന്നിവ മാറ്റി പുനഃപ്രസിദ്ധീകരണം നടത്തി പണം തട്ടുന്ന സംഘം വ്യാപകം. മലയാളത്തിൽ പരസ്യപ്പെടുത്തുന്ന സഹായ അഭ്യർഥനകളാണ് പണം തട്ടുന്നതിന് ഉപയോഗിക്കുന്നത്.
അതിവിദഗ്ധമായി നമ്പർ മാറ്റി പണം തട്ടുന്ന രീതി ആസൂത്രണം ചെയ്യുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണെന്നാണ് വിവരം. ബംഗാൾ, കർണാടക, ഒഡിഷ എന്നിവിടങ്ങളിലെ മൊബൈൽ നമ്പറുകൾ നൽകിയാണ് പണം സ്വീകരിക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട അഭ്യർഥനകളാണ് പണം തട്ടുന്നതിന് ഉപയോഗപ്പെടുത്തുന്നത്. ചികിത്സ ഫണ്ടുകളിലേക്കായതിനാൽ ചെറിയ തുക സംഭാവനകളായി നൽകുന്നവർ അതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തില്ലെന്ന ആത്മവിശ്വാസമാണ് തട്ടിപ്പിന് പ്രചോദനം.
മലയാള മാധ്യമങ്ങളിലെ സഹായഭ്യർഥനകളുടെ ഉള്ളടക്കം മാറ്റാതെ ഗൂഗ്ൾ പേ നമ്പർ മാറ്റിയാണ് തട്ടിപ്പ് സംഘം അവരുടെ നമ്പർ ചേർക്കുന്നത്. ചില പരസ്യങ്ങളിൽ ബാങ്ക് അക്കൗണ്ട് നമ്പർ അതേപടി നിർത്തുകയും ഗൂഗ്ൾ പേ നമ്പർ മാത്രം മാറ്റി നൽകുകയുമാണ് ചെയ്യുന്നത്. ചെറിയ തുക അയക്കാൻ ഗൂഗ്ൾ പേ നമ്പറുകൾ ഉപയോഗപ്പെടുത്തുമെന്ന സാഹചര്യം മുതലെടുത്താണ് തട്ടിപ്പ്.
മീസിൽസ് ന്യുമോണിയ ബാധിച്ച മാടായി വാടിക്കലിലെ മൂന്നര മാസം പ്രായമായ ഹൈസിൻ ഇബ്രാഹിമിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നടത്തിയ അഭ്യർഥനയിൽ നമ്പർ മാറ്റി സോഷ്യൽ മീഡിയകളിൽ വിന്യസിച്ച് പണം തട്ടുന്നതായി ചികിത്സ കമ്മിറ്റിക്ക് വിവരം ലഭിച്ചിരുന്നു.
61 ലക്ഷം രൂപ സ്വരൂപിച്ച് ചികിത്സ തുടരുന്നതിനിടെ ചികിത്സ കമ്മിറ്റി ധനശേഖരണം അവസാനിപ്പിച്ചിരുന്നു.
കഴിഞ്ഞ ഡിസംബർ 27ന് ഹൈസിൻ മരണപ്പെടുകയും ചെയ്തു. എന്നാൽ, ധനസഹായ അഭ്യർഥനയിലെ നമ്പർ മാറ്റി അന്യസംസ്ഥാന തട്ടിപ്പുസംഘം ഇപ്പോഴും പണം പിരിക്കുന്നതായി ഹൈസിൻ ഇബ്രാഹിം ചികിത്സ കമ്മിറ്റി ഭാരവാഹികളായ ടി.പി. അബ്ബാസ് ഹാജി, അബ്ദുൽ റഹിമാൻ, സജി നാരായണൻ, മൊയ്തീൻ ചേരിച്ചി എന്നിവർ കണ്ണൂർ റൂറൽ എസ്.പിക്ക് പരാതി നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.