സംസ്ഥാനത്ത് ഇങ്ങനെയൊരു കല്യാണമിതാദ്യമാണ്; വിദേശമന്ത്രാലയവും, കേന്ദ്ര ഐ.ടി വകുപ്പും ഇടപെട്ടൊരു ഹൈടെക് കല്യാണം
text_fieldsകൊല്ലം: കോവിഡ് ലോകക്രമങ്ങളെയൊക്കെ മാറ്റി മറിച്ചു. ന്യൂ നോർമലായി മാറി മനുഷ്യരുടെ ജീവിതമടക്കം എല്ലാം. നൂറും ആയിരം പേരുമൊക്കെ പങ്കെടുത്ത് ആഘോഷമായി നടന്ന കല്യാണം പത്ത് പേരിലേക്ക് വരെ ചുരുങ്ങി. കോവിഡിനെ തുടർന്ന് യാത്രാ വിലക്കുകൾ വന്നതോടെ വധുവും വരനുമൊക്കെ പല രാജ്യങ്ങളിൽ കുടുങ്ങി. കല്യാണങ്ങൾ നീട്ടിവെച്ചത് നാട്ടിൽ പുതുമയല്ലാത്തതായി മാറി.
അത്തരം വാർത്തകൾക്കിടയിൽ വ്യത്യസ്തമായൊരു വിവാഹം കഴിഞ്ഞ ദിവസം ഓൺലൈനിൽ നടന്നു. മലയാളികളാണ് ആ ചരിത്രം രചിച്ചത്.വധു കേരളത്തിൽ, വരൻ യുക്രയിൻ. നിയമകുരുക്കുകൾ ഏറെയുണ്ടായിരുന്നു ജീവൻകുമാറിന് ധന്യയെ സ്വന്തമാക്കാൻ. പക്ഷെ എല്ലാ കുരുക്കുകളും അഴിഞ്ഞതോടെ രാജ്യങ്ങൾക്കപ്പുറമിരുന്ന് ഇരുവരും വിവാഹിതരായി.
ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയുള്ള സംസ്ഥാനത്തെ ആദ്യ വിവാഹം കൂടിയായിരുന്നു അത്.
ആ കഥയിങ്ങനെയാണ്;
ഇളമ്പൽ തിരുനിലശ്ശേരി വീട്ടിൽ സി.വി. ദേവരാജെൻറ മകനാണ് യുക്രയിനിൽ മെക്കാനിക്കൽ എൻജിനീയറായ ജീവൻകുമാർ. കഴക്കൂട്ടം നെഹ്റു ജംങ്ഷൻ ധന്യ ഭവനിൽ മാർട്ടിെൻറ മകളാണ് ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ധന്യ.
കോവിഡ് വ്യാപനത്തെതുടർന്ന് യുക്രയിനിൽനിന്ന് നാട്ടിലെത്താൻ ജീവൻകുമാറിന് കഴിയാത്തതിനാൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞ മാർച്ചിൽ അപേക്ഷ സമർപ്പിച്ചു.
എന്നാൽ, നിശ്ചിത കാലാവധിക്കുള്ളിൽ ജീവൻകുമാറിന് എത്താനായില്ല. തുടർന്ന് അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും നേരിട്ട് സബ് രജിസ്ട്രാർ ഓഫിസിൽ ഹാജരാകുന്നത് ഒഴിവാക്കി വിഡിയോ കോൺഫറൻസിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിയും ആവശ്യപ്പെട്ട് ഇരുവരും ഹൈകോടതിയെ സമീപിച്ചു.
ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, ഡോ. കൗസർ ഇടപ്പാഗാത്ത് എന്നിവരടങ്ങിയ െബഞ്ച് സംസ്ഥാന സർക്കാർ, വിദേശമന്ത്രാലയം, കേന്ദ്ര ഐ.ടി വകുപ്പ് എന്നിവരുടെയും അഭിപ്രായം തേടിയശേഷം ജീവൻകുമാറിന് പകരം പിതാവ് ദേവരാജനെ രജിസ്റ്ററിൽ ഒപ്പുവെക്കാൻ പവർ ഓഫ് അറ്റോണിയായി ചുമതലപ്പെടുത്തി.
തുടർന്ന്, പുനലൂർ സബ് രജിസ്ട്രാറും വിവാഹ ഓഫിസറുമായ ടി.എം. ഫിറോസ് ജീവൻകുമാറിനെ ഓണ്ലൈനിലൂടെയും ധന്യയെ നേരിട്ടും കണ്ട് വിവാഹം രജിസ്റ്റർ ചെയ്ത് നൽകുകയായിരുന്നു. ജില്ല രജിസ്ട്രാർ സി.ജെ. ജോൺസെൻറ നിരീക്ഷണത്തിലാണ് ഓൺലൈനിൽ വിവാഹ നടപടി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.