വർക്കല വടശ്ശേരിക്കൊണത്ത് ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം
text_fieldsവർക്കല: വടശ്ശേരിക്കോണം ജങ്ഷനിൽ പ്രവർത്തിക്കുന്ന 'ടെക്സ് വാലി' ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം. ആളപായമില്ലെങ്കിലും ശ്വാസ തടസ്സമുണ്ടായതുമൂലം ജീവനക്കാരെ ആശുപത്രിയിലാക്കി. സ്ഥാപനത്തിലെ വസ്ത്ര ശേഖരം പൂർണമായും അഗ്നിക്കിരയായി. ബുധനാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ചെറിയ തോതിൽ ഉണ്ടായ തീ നിമിഷങ്ങൾക്കകം ആളി കത്തുകയായിരുന്നു. കനത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയ സ്ഥാപനത്തിലെ ജീവനക്കാർ ഇറങ്ങിയോടി രക്ഷപ്പെട്ടു. തൊട്ട് താഴെ പ്രവർത്തിക്കുന്ന മുത്തൂറ്റ് ബാങ്കിലെ ജീവനക്കർക്കും ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഇവരെയെല്ലാം അടുത്തുള്ള സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്നാട് സ്വദേശികളാണ് വർഷങ്ങളായി സ്ഥാപനം നടത്തി വരുന്നത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വർക്കല, ആറ്റിങ്ങൽ, കിളിമാനൂർ മേഖലകളിൽ നിന്നുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ഇവിടെ നിന്നാണ് വസ്ത്രങ്ങളെടുത്ത് വിൽപ്പന നടത്തുന്നത്. അതുകൊണ്ടുതന്നെ വലിയ സ്റ്റോക്കും സ്ഥാപനത്തിലുണ്ടായിരുന്നു. ഇവയെല്ലാം കത്തി ചാരമായി.
വർക്കല, കല്ലമ്പലം, ആറ്റിങ്ങൽ യൂണിറ്റുകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തമുണ്ടാക്കിയതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.അ ധികൃതർ കൂടുതൽ പരിശോധന നടത്തി വരുന്നു. വർക്കല, കല്ലമ്പലം സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.