വടകര താലൂക്ക് ഒാഫീസ് കെട്ടിടത്തിൽ വൻ തീപിടിത്തം; ഫയലുകൾ കത്തി നശിച്ചു
text_fieldsവടകര: നഗര ഹൃദയത്തിലുള്ള വടകര താലൂക്ക് ഓഫിസ് പൂർണമായും കത്തി നശിച്ചു. അര ലക്ഷത്തോളം ഫയലുകളാണ് നഷ്ടമായത്. വെള്ളിയാഴ്ച പുലർച്ച അഞ്ചരയോടെയാണ് നഗരത്തെ നടുക്കിയ തീപിടിത്തം. 1907 മുതലുള്ള രേഖകളിൽ കുറച്ചുമാത്രമാണ് ബാക്കിയായത്. 2019 മുതലുള്ള ഇ-ഫയലുകളും 19 സെക്ഷനുകളിലായുള്ള കമ്പ്യൂട്ടർവത്കരിക്കാത്ത 13,000 ഫയലുകളും കത്തിനശിച്ചവയിൽ ഉൾപ്പെടും.
ചരിത്ര രേഖകൾ, താലൂക്കിലെ 28 വില്ലേജുകളിലെ ഭൂരേഖ സംബന്ധമായ രേഖകൾ, സർവേ റെക്കോഡുകൾ, ബിൽഡിങ്, പെൻഷൻ ഉൾപ്പടെയുളള രേഖകൾ പൂർണമായി കത്തിനശിച്ചു. താലൂക്ക് ഓഫിസിലെ 67 ജീവനക്കാരുടെയും 200ഓളം വില്ലേജ് ഓഫിസർമാരുടെയും സർവിസ് ബുക്കും 72 കമ്പ്യൂട്ടറുകളും അഗ്നിക്കിരയായി . ജീവനക്കാരുടെ സർവിസ് രേഖകളടക്കം സൂക്ഷിക്കുന്ന സർവേ റെക്കോഡ് റൂമിെൻറ ഭാഗത്തു നിന്നാണ് ആദ്യം തീ പടർന്നത്. പഴയ ഡി.ഇ.ഒ ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റുന്ന ജോലിക്ക് എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തീ കണ്ടത്.
ഇവർ സമീപത്തെ കോടതി സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. ഇയാളും തൊട്ടടുത്ത് പ്രവർത്തിക്കുന്ന വടകര സബ് ജയിൽ അധികൃതരുമാണ് ഫയർ ഫോഴ്സിനെയും പൊലീസിനേയും അറിയിച്ചത്. രാവിലെ 11 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 150 വർഷത്തിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും പൈതൃക സ്മാരകമാക്കി നിലനിർത്താൻ അറ്റകുറ്റപ്പണി നടത്തി നിലനിർത്തുകയായിരുന്നു.
നഷ്ടപ്പെട്ട ഡിജിറ്റൽ രേഖകൾ വീണ്ടെടുക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് സംഭവസ്ഥലം സന്ദർശിച്ച ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. തീപിടിത്തം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ കെ.എസ്.ഇ.ബി അധികൃതർ സ്ഥലം സന്ദർശിച്ചു. ഷോർട്ട് സർക്യൂട്ടാണോ കാരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്നും കൂടുതൽ പരിശോധന നടത്തുമെന്നും വടകര ഇലക്ട്രിക്കൽ സബ് ഡിവിഷൻ ചീഫ് എൻജിനീയർ പി.പി. മനോജൻ വ്യക്തമാക്കി.
വടകര, തലശ്ശേരി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര സ്റ്റേഷനുകളിൽനിന്നായി ഒമ്പതോളം ഫയർ യൂനിറ്റുകളാണ് തീ അണച്ചത്. റീജനൽ ഫയർ ഓഫിസർ ടി. രജീഷ്, ജില്ലാ ഫയർ ഓഫിസർ മൂസ വടക്കയിൽ, സ്റ്റേഷൻ ഓഫിസർമാരായ കെ. അരുൺ, ആനന്ദൻ, വാസിത് ചോയിച്ചൻ കണ്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനം. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എമാരായ കെ.കെ. രമ, ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, നഗരസഭാ ചെയർ പേഴ്സൺ കെ.പി. ബിന്ദു, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.