ആഞ്ഞുവീശി കാറ്റ്; നിലംപതിച്ചത് നിരവധി തേക്കുകൾ
text_fieldsകരുളായി: അപ്രതീക്ഷിതമായി ആഞ്ഞുവീശിയ കാറ്റില്‍ നെടുങ്കയത്ത് മരങ്ങൾ കടപുഴകി വീണ് വ്യാപക നാശം. ചെറുപുഴ നെടുങ്കയം പാതക്ക് കുറുകെ നിരവധി തേക്ക് മരങ്ങള്‍ പാടെ നിലംപതിച്ചു. നെടുങ്കയത്തെത്തിയ സഞ്ചാരികളടക്കം പുറത്ത് കടക്കാനാവാതെ കുടുങ്ങി. ശനിയാഴ്ച വൈകീട്ട് മൂന്നോയോടെയാണ് നെടുങ്കയം ഡിപ്പോ ഭാഗത്ത് കനത്ത മഴയോടപ്പം ചുഴലിക്കാറ്റിന് സമാനമായ കാറ്റ് ആഞ്ഞു വീശിയത്. 15 മിനിറ്റിലധികം നിണ്ട കാറ്റില്‍ 1909, 1919 പ്ലാന്റേഷനിലെ തേക്ക് മരങ്ങള്‍ വ്യാപകമായി കടപുഴകി വീണു.
ഇതില്‍ ചെറുപുഴ നെടുങ്കയം പാതക്ക് കുറുകെ മൂന്ന് വലിയ തേക്ക് മരങ്ങളാണ് കടപുഴകിയത്. ഇതോടെ നെടുങ്കയം ടൂറിസം കേന്ദ്രത്തിലേക്കും കോളനി കളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കയം കാണാനെത്തിയ ടൂറിസ്റ്റുകളും കരുളായി വനത്തില്‍ പരിശീലനത്തിനെത്തിയ പൊലീസ് ഓഫിസര്‍മാരും പുറത്ത് കടക്കാനാവാതെ കാട്ടില്‍ കുടുങ്ങി. ഒപ്പം നെടുങ്കയം കോളനിക്കാരുമായി ഓട്ടം പോയ ഓട്ടോറിക്ഷയും സംഭവസമയത്ത് റോഡില്‍ കുടുങ്ങി. മര വീഴ്ചയില്‍ തലനാരിഴക്കാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഓട്ടോ ഡ്രൈവര്‍ സഹീര്‍ പറഞ്ഞു.
കരുളായി വനം റേഞ്ച് ഓഫിസര്‍ എം.എന്‍. നജ്മല്‍ അമീനിന്റെ നേതൃത്വത്തിൽ വനപാലകരും ഇ.ആര്‍.എഫ് അംഗം ഷബീറലിയും നെടുങ്കയം കോളനിവാസികളും ചേര്‍ന്ന് മറ്റൊരു പാതയൊരുക്കി സഞ്ചാരികളെ പുറത്തെത്തിക്കുകയായിരുന്നു. കരുളായിയില്‍നിന്ന് മണ്ണുമാന്തി യന്ത്രമെത്തിച്ച് വനത്തിലൂടെ വേറൊരു വഴിയൊരുക്കിയാണ് കാട്ടില്‍ അകപ്പെട്ട പൊലീസ് ഓഫിസര്‍മാരെ പുറത്തെത്തിച്ചത്.
തേക്ക് പ്ലാന്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന നെടുങ്കയം ഊരുമൂപ്പന്‍ ശിവരാജന്റെ ട്രാക്ടറിന് മുകളിലൂടെയും മരം വീണ് കേടുപാടുകള്‍ പറ്റി. നിരവധി വൈദ്യുതി തൂണുകളും കാറ്റിൽ തകര്‍ന്നതിനാൽ നെടുങ്കയം കോളനിയിലേക്കുള്ള വൈദ്യുതി ബന്ധവും നിലച്ചു.
ഏറെ വൈകിയാണ് റോഡിന് കുറുകെ വീണ മരങ്ങള്‍ മുറിച്ച് മാറ്റാനായത്. മഴയുടെ ലക്ഷണം കാണപ്പെട്ടത് മുതല്‍ സഞ്ചാരികളെ നെടുങ്കയത്തേക്ക് കടത്തിവിട്ടിട്ടില്ലെന്നും അതിന് മുമ്പ് പ്രവേശിച്ചവരാണ് കാട്ടില്‍ അകപ്പെട്ടതെന്നും ഇവരെയെല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞെന്നും കാറ്റില്‍ നിലംപൊത്തിയ മരങ്ങളുടെ കണക്കും വിവരങ്ങളും ശേഖരിച്ചുവരുകയാണെന്നും കരുളായി വനം റേഞ്ച് ഓഫിസര്‍ എം.എന്‍. നജ്മല്‍ അമീന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.