‘സഖാവ്’ എന്ന വാക്ക് ഇന്ന് ഉപയോഗിക്കുന്നത് അർഥം മനസിലാക്കാതെയെന്ന് കസ്തൂരി അനിരുദ്ധന്‍; ‘ഹിന്ദു ഐക്യവേദി ജില്ല അധ്യക്ഷനായ ശേഷം ആദ്യം വിളിച്ചത് സഹോദരൻ എ. സമ്പത്തിനെ’
text_fieldsതിരുവനന്തപുരം: ഭാരത സംസ്കാരത്തെ തകർക്കാനാണ് ഇടതു പാർട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്ന് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല അധ്യക്ഷൻ കസ്തൂരി അനിരുദ്ധന്‍. തെറ്റ് തിരുത്താൻ ഒരിക്കലും സി.പി.എം തയാറല്ല. ഇടത് സ്വീകരിക്കുന്ന സമീപനങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് ഹിന്ദു ഐക്യവേദി എന്നും കസ്തൂരി വ്യക്തമാക്കി.
മുതിർന്ന സി.പി.എം നേതാവ് കെ. അനിരുദ്ധന്‍റെ മകനും മുൻ സി.പി.എം എം.പി എ. സമ്പത്തിന്‍റെ സഹോദരനുമായ എ. കസ്തൂരി ഇന്നലെയാണ് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല അധ്യക്ഷനായി ചുമതലയേറ്റത്. ഇതിന് പിന്നാലെയാണ് ഇടതുപക്ഷത്തോടുള്ള തന്‍റെ നിലപാട് കസ്തൂരി ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
സമൂഹത്തിൽ ഇറങ്ങി ആളുകളുമായി ഇടപെഴകുമ്പോൾ 'സഖാവ്' എന്നാണ് തന്നെ അഭിസംബോധന ചെയ്യുന്നത്. ആർ.എസ്.എസിന്‍റെയും സംഘ്പരിവാറിന്‍റെയും നേതൃപദവി വഹിക്കുന്നവർ ഒഴികെ എല്ലാവരും ഇത്തരത്തിലാണ് വിളിക്കുന്നത്. 'സഖാവ്' എന്ന വാക്കിന് ഒരു അർഥമുണ്ടെന്നും അത് മനസിലാക്കാതെയാണ് ഇന്ന് കേരളത്തിൽ ഉപയോഗിക്കുന്നതെന്നും കസ്തൂരി വ്യക്തമാക്കി.
വിഷ്ണുസഹസ്രനാമത്തിലെ ഒരു വാക്ക് 'സഖാ' എന്നാണ്. എപ്പോഴും നമ്മുടെ കൂടെ ഉള്ളവനെന്നും ഒരിക്കലും നമ്മളെ കൈവിടാത്തവൻ എന്നും 'സഖാ' എന്ന വാക്ക് അർഥമാക്കുന്നത്. ഹിന്ദുശാസ്ത്രപരമായി ദൈവികമായ വാക്കാണിത്.
ഹിന്ദു ഐക്യവേദിയുടെ സാധാരണ പ്രവർത്തകനായി മാത്രമാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്. ശനിയാഴ്ചയാണ് അധ്യക്ഷനാക്കുമെന്ന വിവരം അറിഞ്ഞത്. അതിനാൽ, അധ്യക്ഷ പദവി ഏറ്റെടുക്കുന്ന വിവരം സഹോദരൻ എ. സമ്പത്തിനെ അറിയിക്കാൻ സാധിച്ചില്ല. അധ്യക്ഷനായ ശേഷം ആദ്യം വിളിച്ചത് സഹോദരനെയാണ്. വിവരം അറിഞ്ഞപ്പോൾ സഹോദരൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ല. അഭിപ്രായം ആവശ്യമെങ്കിൽ സഹോദരങ്ങൾ പരസ്പരം ചോദിക്കാറുണ്ടെന്നും കസ്തൂരി വ്യക്തമാക്കി.
കോളജ് കാലത്ത് എസ്.എഫ്.ഐയിൽ സജീവമായിരുന്നെങ്കിലും പിന്നീട് ഇടത് ആഭിമുഖ്യം അവസാനിപ്പിച്ചെന്നും കസ്തൂരി ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
മുതിർന്ന സി.പി.എം നേതാവ് കെ. അനിരുദ്ധന്‍റെ മകനും എ. സമ്പത്തിന്‍റെ സഹോദരനുമായ എ. കസ്തൂരി ഇന്നലെയാണ് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ല അധ്യക്ഷനായി ചുമതലയേറ്റത്. തിരുവനന്തപുരം ജില്ലയില്‍ സി.പി.എം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു അനിരുദ്ധന്‍.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു അദ്ദേഹം. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു. മൂന്നു തവണ എം.എല്‍.എയും ഒരു തവണ എം.പിയും തിരുവനന്തപുരം ജില്ല കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിനെതിരെ ജയിലില്‍ കിടന്നു മത്സരിച്ച് ജയിച്ച അനിരുദ്ധനെ 'ജയന്‍റ് കില്ലര്‍' എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.