ജയിലിൽ കഴിയുന്ന കെനിയൻ യുവതിക്ക് ഗർഭഛിദ്രത്തിന് അനുമതി
text_fieldsകൊച്ചി: അനധികൃതമായി കേരളത്തിൽ തങ്ങിയതിനെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലായ കെനിയൻ യുവതിക്ക് ഹൈകോടതി ഗർഭഛിദ്രത്തിന് അനുമതി നൽകി. മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.
ഇന്ത്യൻ നിയമമനുസരിച്ച് 14 ആഴ്ച പിന്നിട്ട ഗർഭഛിദ്രത്തിന് അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറുടെ സമ്മതത്തോടെ അനുമതിയുണ്ടെന്നിരിക്കെ വിദേശവനിതക്കും തടസ്സമില്ല. വിസ ലംഘനത്തിന്‍റെ പേരിൽ ജയിലിൽ കഴിയുമ്പോൾ ഗർഭം തുടരുന്നത് ഹരജിക്കാരിക്കും ഗർഭസ്ഥ ശിശുവിനും ക്ലേശകരമാകും. തൃശൂർ മെഡിക്കൽ കോളജിൽ ഗർഭഛിദ്രം നടത്താമെന്നും ഇതുസംബന്ധിച്ച നടപടികൾക്ക് ജയിൽ-തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടുമാരുടെ മേൽനോട്ടമുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
നെട്ടൂർ സ്റ്റേ ഇൻ അപ്പാർട്മെന്‍റിൽ താമസിച്ചിരുന്ന യുവതിയെ ജനുവരി 12നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലിൽ കഴിയുമ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. ഗർഭഛിദ്രത്തിന് അനുമതി തേടി സൂപ്രണ്ടിന് അപേക്ഷ നൽകിയെങ്കിലും കോടതിയുടെ അനുമതി വേണമെന്ന് നിർദേശിച്ചതിനെ തുടർന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഉദരത്തിലെ കൊഴുപ്പ് നീക്കാൻ 2022ൽ ശസ്ത്രക്രിയക്ക് വിധേയയായതിനാൽ മൂന്നു വർഷത്തേക്ക് ഗർഭം ധരിക്കരുതെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ടെന്ന് ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.