20 ലക്ഷം വരെയുള്ള ജപ്തി നടപടി നിർത്തിവെക്കാൻ നിയമം വരുന്നു
text_fieldsതിരുവനന്തപുരം: 20 ലക്ഷം രൂപ വരെയുള്ള ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ നിയമം വരുന്നു. ജപ്തി നടപടിയില്‍ ഇളവനുവദിക്കാന്‍ സര്‍ക്കാറിന് അധികാരം നല്കുന്ന ബിൽ ജൂണിൽ ചേരുന്ന സമ്പൂർണ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. റവന്യൂ, ധന വകുപ്പുകളുടെ നിര്‍ദേശമടങ്ങിയ റവന്യൂ റിക്കവറി ബില്ലിന്റെ കരട് നിയമവകുപ്പ് തയാറാക്കി. റവന്യൂ മന്ത്രിക്ക് അഞ്ചുലക്ഷം രൂപ വരെയും ധനമന്ത്രിക്ക് 10 ലക്ഷം വരെയും മുഖ്യമന്ത്രിക്ക് 20 ലക്ഷം വരെയുമുള്ള വായ്പാ കുടിശ്ശികയെ തുടര്‍ന്നുള്ള ജപ്തി നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം.
സഹകരണ, ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, കോമേഴ്സ്യല്‍ ബാങ്കുകളുടെയും ജപ്തി നടപടിയില്‍ സര്‍ക്കാറിന് ഇടപെട്ട് വായ്പ എടുത്തയാള്‍ക്ക് ആശ്വാസം നല്കാന് പുതിയ നിയമത്തിൽ കഴിയും. എന്നാല്‍, വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന ‘സര്‍ഫാസി ആക്ട്’ പ്രകാരമുള്ള ജപ്തിയില്‍ ഇടപെടാനാവില്ല.
പുതിയ നിയമം വരുന്നതോടെ റവന്യൂ റിക്കവറി പ്രകാരമുള്ള ജപ്തി നടപടികള്‍ നീട്ടിവെക്കാനും കൂടുതല്‍ ഗഡുക്കളായി വായ്പാതുക തിരിച്ചയ്ടക്കാനും ഇത് സാവകാശം നല്‍കും. എക്സിക്യൂട്ടിവ് മജിസ്റ്റീരിയല്‍ അധികാരമുള്ള തഹസില്‍ദാര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് റവന്യൂ റിക്കവറി പ്രകാരമുള്ള ജപ്തി നടപടികള്‍ നീട്ടിവെക്കാം. നേരത്തെ തഹസില്‍ദാര്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവര്‍ക്ക് വായ്പാ തുക 10 ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള ഉത്തരവിറക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ജപ്തി നടപടി നീട്ടിവെക്കാന്‍ പറ്റില്ലായിരുന്നു.
ഇക്കാര്യം നിര്‍ദേശിച്ച് റവന്യൂ-ധനമന്ത്രിമാര്‍ ഇറക്കിയ ഉത്തരവ് ബാങ്കുകൾ ഹൈകോടതിയില്‍ ചോദ്യംചെയ്തു. ഇല്ലാത്ത നിയമത്തിന്റെ പേരില്‍ ജപ്തി നടപടി ഒഴിവാക്കാന്‍ ഇടപെടരുതെന്ന് നിര്‍ദേശിച്ച കോടതി, ആവശ്യമെങ്കില്‍ നിയമം നിര്‍മിക്കാൻ സര്‍ക്കാറിനോട് നിര്‍ദേശിച്ചു. അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും ഇതും തള്ളി. ഈ സാഹചര്യത്തിലാണ് നിയമ നിര്‍മാണത്തിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.