ബ്രഹ്മപുരത്തെ വൻദുരന്തത്തിലേക്ക് നയിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസെന്ന് ഇടതു സഹയാത്രികന്‍
text_fieldsതിരുവനന്തപുരം : ബ്രഹ്മപുരത്ത് ദുരന്തം വരുത്തിവെച്ചത് മുഖ്യമന്തിയുടെ ഓഫിസാണെന്ന് ഇടതു സഹയാത്രികനും പരിസ്ഥിതി വിദഗ്ധനുമായ ശ്രീധർ രാധാകൃഷ്ണൻ. ഉറവിട മാലിന്യ സംസ്കരണം എന്ന ശുചിത്വമിഷന്റെ ആശയത്തെ 2018ലെ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫിസാണ് പൊളിച്ചതെന്നും അദ്ദേഹം 'മാധ്യമം' ഓൺലൈനിനോട് പറഞ്ഞു.
മുൻ ചീഫ് സെക്രട്ടറി ടോം ജോസാണ് മാലിന്യ സംസ്കരണത്തിന് വൻകിട പദ്ധതി എന്ന ആശയം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു അതിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മുന്നോട്ട് വെച്ച പദ്ധതിയാണ് ബ്രഹ്മപുരം. ഇടതുപക്ഷത്തുള്ള പലരും ഈ വൻകിട പദ്ധതിയെ എതിർത്തിരുന്നു. വിദേശത്ത് കണ്ട മാതൃക നടപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മാലിന്യത്തിന്റെ പേരിൽ കൊച്ചി നിവാസികളെ കുറ്റം പറയുന്നത് ശരിയല്ല. ജനങ്ങൾ ജൈവ മാലിന്യവും അജൈവമാലിന്യവും വേർതിരിച്ച് നൽകുന്നവരാണ്. ബ്രഹ്മപുരം നടന്നിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻപോലും സർക്കാർ അന്വേഷണം പ്രഖ്യാപിച്ചില്ലെന്നും ശ്രീധർ കുറ്റപ്പെടുത്തി.
ബ്രഹ്മപുരത്തെ ഒന്നാം പ്രതി പദ്ധതി ഏറ്റെടുത്ത കോൺട്രാക്ടറാണ്. രണ്ടാം പ്രതി കൊച്ചി ഭരിച്ച മേയർമാരുമാണ്. മലിനീകരണ നിയന്ത്രബോർഡ് ബ്രഹ്മപുരത്തെ എതിർത്തിരുന്നു. കെടുകാര്യസ്ഥതയില്ലാത്ത ഭരണ സംവിധാനമാണ് ഈ സ്ഥിതിയിലേക്ക് നയിച്ചത്. ബ്രഹ്മപുരം തണ്ണീർത്തടമായിരുന്നു. ചത്രപുഴക്കും കടമ്പ്രയാറിനും ഇടയിലായിരുന്നു. അവിടെ പ്ലാന്റില്ലാതെ വന്‍തോതിൽ മാലിന്യം അവിടെ എത്തിക്കുകയായിരുന്നു. ജനസാന്ദ്രതയുള്ള നഗരമാണ് കൊച്ചി. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വമാണ് ഇതിന് ഉത്തരവാദികൾ.
ദുരന്തത്തെ സംബന്ധിച്ച് വിദഗ്ധർ ജനകീയമായ അന്വേഷണം നടത്തണം. ലോകതലത്തിൽ നിരോധിക്കപ്പെട്ട വാതകമാണോ പുറത്ത് വിട്ടതെന്ന് പരിശോധിക്കണം. മന്ത്രി വീണ ജോർജ് കാര്യം തിരിച്ചറിഞ്ഞാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രയമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ ശ്രദ്ധിക്കണം. വിദ്യാർഥികൾ പരീക്ഷക്ക് പോകുമ്പോൾ മാസ്ക് ധരിക്കണമെന്നാണ് വീണ ജോർജ് പറഞ്ഞത്. തലമുറകളെ ബാധിക്കുന്ന വിഷം പുറന്തള്ളിയതിനാലാണ് അങ്ങനെ പറയേണ്ടിവന്നത്. ശ്വാസ ക്ലിനിക്കിലെ ചികിൽസ കൊണ്ടു ജനങ്ങൾക്ക് പ്രയോജനമില്ല. മാസ്ക് ധരിക്കണമെന്ന് പറയുന്ന മന്ത്രിപോലും അന്തരീക്ഷത്തിൽ ദീർഘകാലം നിലനിൽക്കുന്നതാണ് ഡയോക്സിനെക്കുറിച്ച് പറയുന്നില്ലെന്നും ശ്രീധർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.