നാടകം കളിച്ച് കെട്ടിപ്പൊക്കി ഒരു വായനശാല
text_fieldsതൃശൂർ: നാടകം കളിച്ച് വായനശാല പണിത കഥ പറയാനുണ്ട്, തൃശൂർ തൃക്കൂരിലെ ഗ്രാമീണ വായനശാലക്ക്. 1944ൽ ഒരു സംഘം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച വായനശാലക്ക് സ്വന്തമായി കെട്ടിടം നിർമിക്കാനാണ് നാടകം കളിച്ച് പണം പിരിക്കാമെന്ന ആശയം ഉരുത്തിരിഞ്ഞത്. 'ഇടിയും മിന്നലും' എന്നതായിരുന്നു നാടകം.തദ്ദേശീയർതന്നെയായിരുന്നു അഭിനേതാക്കൾ. ആർ.കെ.വി. രുദ്രൻ, പി.പി. ഗോപാലകൃഷ്ണൻ, എ. വേണുഗോപാൽ, കെ. അരവിന്ദാക്ഷൻ, കെ.വി. മാധവൻ, ടി.വി. ബാലകൃഷ്ണൻ, ടി.പി. ബാലസുബ്രഹ്മണ്യൻ, ടി.പി. അനന്ദരാമൻ, ടി.എം. ശിവരാമൻ, പി. ഗംഗാധരൻ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.
പുരുഷന്മാരായിരുന്നു നാടകത്തിൽ സ്ത്രീവേഷം കെട്ടിയത്. ഇവരിൽ ഒന്നോ രണ്ടോ പേർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ആളുകൾ ഓടിക്കൂടി. സംഭവം ഹിറ്റായി. തുടർ വർഷങ്ങളിലും നാടകം കളിച്ചു. 200 രൂപ ലാഭവും കിട്ടി. ആ തുകക്കാണ് തൃക്കൂരിൽ ആറ് സെന്‍റ് സ്ഥലം വാങ്ങിയത്. തുടർന്ന് ലൈബ്രറി കേന്ദ്ര സഹായവും ബാക്കി നാടകം കളിച്ച് പിരിച്ചെടുത്തതും കൂട്ടി 5650 രൂപക്ക് ഓടിട്ട കെട്ടിടം പണിതു. പനമ്പിള്ളി ഗോവിന്ദൻ മേനോനായിരുന്നു തറക്കല്ലിടൽ നിർവഹിച്ചത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന നീലം സഞ്ജീവ റെഡ്ഡിയായിരുന്നു കെട്ടിടം ഉദ്ഘാടനം ചെയ്തത്.
വായനശാല വാർഷികങ്ങൾ 'ഗ്രാമോത്സവം' എന്ന പേരിൽ കല-കായിക-കാർഷിക മേളകളായാണ് ആഘോഷിച്ചുവരുന്നത്.നീണ്ടകാലം ഗ്രാമസേവകൻ ആയിരുന്ന കൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിൽ സുഗമമായി നടന്നു. 80കളിൽ ക്ലബുകളുടെ നേതൃത്വത്തിലായി പരിപാടികൾ. കാർഷിക മേളകളും കായിക മേളകളും ഇല്ലാതായി കലാമേളകളായി തുടർന്നപ്പോഴും നാടകോത്സവം നടത്തിവരുമായിരുന്നു.24,000ത്തോളം പുസ്തകങ്ങളുള്ള വായനശാലയാണിത്.
ഗാന്ധി ആർട്സിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം 'ശാരദ' എന്ന നാടകവും ഇക്കഴിഞ്ഞ ഓണത്തിന് 'എഴുത്തച്ഛൻ' എന്ന നാടകവും കളിച്ചു.നാട്ടുകാർതന്നെ വേഷമിട്ട നാടകം വൻ സ്വീകാര്യത നേടിയിരുന്നു. പി. മനോജ്കുമാറാണ് പ്രസിഡന്‍റ്, ബിജു പവിത്ര സെക്രട്ടറി, ജോയന്‍റ് സെക്രട്ടറി പി.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വായനശാലയുടെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.