ശുചീകരണത്തൊഴിലാളിയെ തോട്ടിൽ കാണാതായ സംഭവം; ഏറിയ സമയവും പാഴായത് മാലിന്യനീക്കത്തിന്
text_fieldsതിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് സമീപത്തെ ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളി മാരായമുട്ടം മലഞ്ചരികത്തുവിളവീട്ടിൽ ജോയി (47) ഒഴുക്കിൽപ്പെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനത്തിൽ സമയമേറെയെടുത്തത് മാലിന്യനീക്കത്തിന്. ഒരു പകൽ നീണ്ട രക്ഷാപ്രവർത്തനത്തിൽ ആറുമണിക്കൂറാണ് മാലിന്യനീക്കത്തിനായി എടുത്തത്.
സംഭവം നടന്നയുടൻ ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.ബി. സുഭാഷിന്റെ നേതൃത്വത്തിലുള്ള സ്കൂബാ ടീം സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന് വെള്ളത്തിൽ ഒരു മീറ്ററോളം പൊക്കത്തിൽ അടഞ്ഞുകൂടിക്കിടന്ന മാലിന്യം വെല്ലുവിളിയായപ്പോൾ ആദ്യ അഞ്ചുമണിക്കൂർ മാലിന്യനീക്കം മാത്രമാണ് നടന്നത്.
തോട്ടിലിറങ്ങി മാലിന്യം ചെറിയ കുട്ടകളിൽ മാറ്റാൻ ശ്രമിച്ചത് പ്രായോഗികമാകാതെ ജെ.സി.ബികൊണ്ടുവന്ന് വലയിട്ട് കോരി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. സ്കൂബ ഡൈവിങ്ങിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങൾ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽവിദഗ്ധർ പരിശോധന നടത്തിയത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും സംഘം പരിശോധന നടത്തി.
ഉച്ചക്ക് 12.45 ഓടെ ആറ് ഫ്ലാറ്റ്ഫോമിന് അപ്പുറമുള്ള ഓടയുടെ മറുവശത്ത് തിരച്ചിൽനടത്തിയെങ്കിലും കാണാതായ സ്ഥലത്തുതന്നെ സംഘം തിരിച്ചെത്തി. തുടർന്ന് തോടിന് ഇരുവശത്തെയും ഗ്രീൻനെറ്റ് മുറിച്ചുമാറ്റി റോപ്പ് ചുറ്റി മാലിന്യം പുറത്തെടുക്കുകയായിരുന്നു. ടൺ കണക്കിന് മാലിന്യം ഇങ്ങനെ നീക്കി. ഇടക്ക് മഴ മാറിനിന്നത് രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടി.
ആമയിഴഞ്ചാൻ തോടിന് 12 കിലോമീറ്റർ നീളമാണുള്ളത്. റെയിൽവേ ലൈൻ കടന്നുപോകുന്ന വഴിയിൽ സ്റ്റേഷന് കുറുകെ തോട് കടന്നുപോകുന്നുണ്ട്. വീതിയില്ലാത്ത ടണൽ പോലെയുള്ള ഈ ഭാഗവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
വെള്ളം കുറഞ്ഞതോടെ സ്കൂബാ ഡൈവിങ് സംഘത്തിന് മുങ്ങി പരിശോധിക്കാന്‍ കഴിയാതായി. മാലിന്യം നിറഞ്ഞ തോട്ടിലിറങ്ങി അതിനടിയിലൂടെ ഊളിയിട്ട് മുന്നോട്ടുപോയി നോക്കിയെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമായി. 180 മീറ്റര്‍ നീളമുള്ള തുരങ്കസമാനമായ ഭാഗത്ത് മാലിന്യം നിറഞ്ഞിരിക്കുന്നതും വെളിച്ചമില്ലാത്തതുമായിരുന്നു വെല്ലുവിളി. തോട്ടിനുള്ളിലെ മാലിന്യത്തില്‍ ചവിട്ടുമ്പോള്‍ ചതുപ്പില്‍ താഴ്ന്നുപോകുന്നതുപോലെയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
അപകടത്തിനിടയാക്കിയത് മാലിന്യനീക്കമില്ലാത്തത്
തിരുവനന്തപുരം: കോരിയിട്ടും കോരിയിട്ടും അവസാനിക്കാത്ത ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരമാണ് മാരായമുട്ടം സ്വദേശിയെ കാണാതായതിനിടയാക്കിയത്. ഓരോ കാലത്തും അധികാരികൾ ഈ തോട്ടിലെ മാലിന്യത്തിന്റെ പേരിൽ വകയിരുത്തിയും െചലവഴിച്ചും പാഴാക്കിയത് കോടികൾ.
നഗരത്തിൽ ഏറ്റവുമധികം മാലിന്യം തള്ളുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി 30 കോടിയോളം രൂപയുടെ വിവിധ പദ്ധതിയാണ് പ്രഖ്യാപിച്ചത്. കോടികൾക്കൊപ്പം ശുചീകരണത്തൊഴിലാളിയുടെ ജീവനും ഒഴുകിപ്പോയി.
നഗരത്തിൽ പ്രധാനമായും വെള്ളക്കെട്ടുണ്ടാകുന്ന് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം മൂലമാണ്. മഴക്കാലത്ത് തോട് കരകവിഞ്ഞൊഴുകുന്നതും പതിവാണ്. ബജറ്റിൽ കോടികൾ അനുവദിച്ചിട്ടും തോടിന്റെ അവസ്ഥയിൽ മാത്രം മാറ്റമുണ്ടായില്ല. തോടിന്റെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി ആദ്യം 25 കോടിയും 2022-23ലെ ബജറ്റിൽ 12 കോടി രൂപയും അനുവദിച്ചു.
കണ്ണമ്മൂല മുതൽ നെല്ലിക്കുഴി വരെ തോട് വൃത്തിയാക്കി ആഴംകൂട്ടാനായിരുന്നു 25 കോടി. 2021 ജൂലൈയിലാണ് ജലവിഭവവകുപ്പ് സമർപ്പിച്ച 25 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടും പ്രവർത്തനങ്ങൾ പൂർത്തിയായില്ല. നെല്ലിക്കുഴി മുതൽ ആക്കുളംകായൽവരെയുള്ള ഭാഗത്തെ പ്രവർത്തനങ്ങൾക്കാണ് 12 കോടി രൂപ അനുവദിച്ചത്.
കേരള ജലവകുപ്പിന്റെ ഒബ്സർവേറ്ററി ഹില്ലിൽ നിന്നാരംഭിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലിൽ ചേരുന്ന തോടിന്റെ നീളം 12 കിലോമീറ്ററാണ്. കോർപറേഷനിലൂടെ ഒഴുകുന്ന ചെറുതോടുകളും വന്നുചേരുന്നത് ആമയിഴഞ്ചാൻ തോട്ടിലാണ്. ഒരുവശത്ത് നവീകരണപ്രവർത്തനങ്ങൾ നടക്കുമ്പോൾ മറുവശത്ത് തോട്ടിൽ മാലിന്യനിക്ഷേപം വർധിക്കുന്നു.
വേനൽക്കാലത്ത് തോട്ടിൽ ഒഴുക്ക് നിലച്ചാൽ വലിയ അളവിൽ മാലിന്യം അടിഞ്ഞുകൂടും. കൂടുതലും പ്ലാസ്റ്റിക്കും ഇറച്ചിഅവശിഷ്ടങ്ങളും. ഇവക്കുപുറമേ പഴയ ടെലിവിഷനും മെത്തയും കമ്പിക്കഷണങ്ങമെല്ലാം തോട്ടിൽ നിന്ന് കിട്ടാറുണ്ട്.
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾ, മാലിന്യമിടാൻ ചവറുവീപ്പകൾ, സംരക്ഷണഭിത്തിയിൽ കമ്പിവേലി തുടങ്ങി പരീക്ഷിച്ച പ്രതിരോധപ്രവർത്തനങ്ങളൊന്നും ഫലം കണ്ടില്ല.
ഇതിനിടെ, ജലവിഭവവകുപ്പ് വാങ്ങിയ സിൽറ്റ് പുഷർ യന്ത്രവും (കായലുകളിലെയും തോടുകളിലെയും പായലും മാലിന്യവും നീക്കാനുള്ള യന്ത്രം) പ്രയോജനപ്പെട്ടില്ല. നഗരത്തിൽ വെള്ളക്കെട്ട് പ്രതിരോധിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ നവംബറിൽ കൂടിയ ഉന്നതതല യോഗത്തിലാണ് യന്ത്രം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് തീരുമാനിച്ചിരുന്നത്.
മഴയിൽ വെള്ളക്കെട്ടുണ്ടാവാതിരിക്കാൻ ഓടകളും ജലാശയങ്ങളും അടിയന്തരമായി ശുചീകരിക്കുമെന്നും ആഴ്ചതോറും അവലോകനം ചെയ്യുമെന്നുമായിരുന്നു കലക്ടറുടെ വാഗ്ദാനം. ആമയിഴഞ്ചാൻ തോട്ടിലെ ചളി നീക്കംചെയ്യാനും അനുബന്ധ നിർമാണപ്രവർത്തനങ്ങൾക്കുമായി 37 കോടി രൂപ സംസ്ഥാന സർക്കാർ നീക്കിവെച്ചിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും ആ യോഗത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.