മുംബൈ ബോട്ട് അപകടത്തിൽപ്പെട്ടവരിൽ മലയാളി കുടുംബവും; മാതാപിതാക്കളെ കാണാനില്ലെന്ന് ആറു വയസുകാരൻ
text_fieldsമുംബൈ: നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് യാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലയാളിയായ ആറു വയസുകാരൻ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് സംശയം ഉയർന്നത്. ഇവർ കേരളത്തിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം.
യാത്രയിൽ മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നുവെന്ന് കുട്ടി പൊലീസിനെ അറിയിച്ചു. ഉറാനിലെ ജെ.എൻ.പി.ടി ആശുപത്രിയിലാണ് കുട്ടി നിലവിൽ ചികിത്സയിൽ കഴിയുന്നത്. കുട്ടിയുടെ മാതാപിതാക്കളെ മറ്റ് ഏതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.
നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് യാത്രാ ബോട്ട് മറിഞ്ഞ് 13 പേരാണ് മരിച്ചത്. മരിച്ചവരിൽ 10 യാത്രക്കാരും മൂന്നു പേർ നാവിക ഉദ്യോഗസ്ഥരുമാണ്.
ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടമുണ്ടായത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ എലഫന്റ ദ്വീപിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന നീൽ കമൽ ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് മറിഞ്ഞത്.
അഞ്ച് ജീവനക്കാർ ഉൾപ്പെടെ ബോട്ടിൽ 114 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. 101 പേരെ രക്ഷപ്പെടുത്തി. നേവിയുടെ 11 ബോട്ടുകളും തീരസംരക്ഷണ സേനയുടെ മൂന്ന് ബോട്ടുകളും നാല് ഹെലികോപ്ടറുകളും പൊലീസും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.