ബസ് കാത്തുനിന്ന മലയാളി വിദ്യാർഥിനി ബ്രിട്ടനിൽ കാറിടിച്ച് മരിച്ചു
text_fieldsതിരുവനന്തപുരം: ബ്രിട്ടനിലെ ലീഡ്സിൽ ബസ് കാത്തുനിന്ന മലയാളി വിദ്യാർഥിനി കാറിടിച്ചു മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള മംഗലപുരം തോന്നക്കൽ സ്വദേശി ആതിര അനിൽ കുമാർ (25) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ യു.കെ സമയം 8.30ന് നിയന്ത്രണംവിട്ട കാർ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് സ്റ്റോപ്പിന് പിന്നിലെ നടപ്പാതയിലേക്കാണ് കാർ ഇടിച്ചുകയറിയത്. ആതിര സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആതിരക്കൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ലീഡ്സ് ബെക്കറ്റ് സർവകലാശാലയിലെ പ്രോജക്ട് മാനേജ്മെന്‍റ് വിദ്യാർഥിനിയായിരുന്ന ആതിര. പഠനത്തിനായി ഒരു മാസം മുമ്പാണ് യു.കെയിലെത്തിയത്. ആതിരയുടെ ബന്ധു ലീഡ്‌സിൽ താമസിക്കുന്നുണ്ട്. സ്ട്രാറ്റ്ഫോർഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
അനിൽ കുമാറിന്‍റെയും ലാലിയുടെയും മകളായ ആതിരയുടെ ഭർത്താവ് രാഹുൽ ശേഖർ ഒമാനിലാണ്. ഇളയ സഹോദരൻ തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഐ.ടി കമ്പനി ജീവനക്കാരനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.