കപ്പൽ ജീവനക്കാരനായ മലയാളി യുവാവിനെ ഷാർജ പുറംകടലിൽ കാണാതായി
text_fieldsവർക്കല: കപ്പൽ ജീവനക്കാരനായ മലയാളി യുവാവിനെ ഷാർജ പുറംകടലിൽ കാണാതായി. വർക്കല ഓടയം മറുതാപ്പുര ക്ഷേത്രത്തിനു സമീപം വിഷ്ണു നിവാസിൽ അഖിലിനെയാണ് (33) കാണാതായത്. ഈമാസം 20 ന് വൈകീട്ട് അപകടമുണ്ടായതായി അറിയിച്ച് 21നാണ് മുംബൈ ആസ്ഥാനമായ കപ്പൽ കമ്പനിയുടെ ഇ-മെയിൽ സന്ദേശം കുടുംബത്തിന് ലഭിച്ചത്.
മീൻ പിടിക്കുന്നതിനിടെ കപ്പൽ ശക്തമായ തിരയിൽ ഉലയുകയും അഖിൽ കാൽവഴുതി കടലിലേക്ക് വീഴുകയുമായിരുന്നെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. സംഭവസമയംതന്നെ ഒപ്പമുണ്ടായിരുന്നവർ അഖിലിനെ രക്ഷിക്കാൻ ലൈഫ് റിങ് എറിഞ്ഞുകൊടുത്തത്രെ. സഹപ്രവർത്തകനായ വിനോദ് ലോഖണ്ഡേ അഖിലിനെ രക്ഷിക്കാൻ റോപ്പുമായി കടലിൽ ചാടുകയും ചെയ്തു. എന്നാൽ, ചുഴിയും അടിയൊഴുക്കും ഉണ്ടായിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പറയുന്നു. ഏറെനേരം കഴിഞ്ഞിട്ടും രണ്ടുപേരെയും കാണാതായതോടെ കപ്പലിൽനിന്ന് കോസ്റ്റ് ഗാർഡിനെ വിവരം അറിയിച്ചു. കോസ്റ്റ് ഗാർഡ് എത്തി രക്ഷാപ്രവർത്തനം നടത്തുകയും വിനോദ് ലോഖണ്ഡേയെ രക്ഷിക്കുകയും ചെയ്തു. എന്നാൽ, അഖിലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തിരച്ചിൽ തുടരുകയാണ്. ഷാർജ സെയ്ഫ് സോൺ ആസ്ഥാനമായ ഡാനിയേൽ സർവേയിങ് ഫ്രീസോൺ എന്ന കമ്പനിയിലാണ് കരാർ അടിസ്ഥാനത്തിൽ അഖിൽ ജോലി ചെയ്യുന്നത്.
സർവേ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ടഗ് ബോട്ട് പോലുള്ള ഷിപ്പിലായിരുന്നു അഖിൽ സെക്കൻഡ് ഓഫിസറായി ജോലി ചെയ്തിരുന്നത്. വിവരം ലഭിച്ചയുടൻ ബന്ധുക്കൾ അയിരൂർ പൊലീസിൽ പരാതി നൽകി. നോർക്ക, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, രാജ്ഭവൻ ഓഫിസ്, അടൂർ പ്രകാശ് എം.പി, അഡ്വ.വി. ജോയി എം.എൽ.എ, ഇവരെല്ലാം ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് അഖിലിന്റെ പിതാവ് സുബേന്ദ്രൻ നായർ പറഞ്ഞു. സുബേന്ദ്രൻ നായർ-അംബിക ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത മകനാണ് അഖിൽ. ഭാര്യ: ആര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.