മുണ്ടക്കൈയിലും ചൂരല്‍മലയിലും ജനകീയ തിരച്ചിൽ തുടങ്ങി; തിരച്ചിൽ ദുരിതബാധിതർ പറയുന്ന സ്ഥലങ്ങളിൽ
text_fieldsതിരുവനന്തപുരം: ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ജനകീയ തിരച്ചിൽ തുടങ്ങി. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തിരച്ചിൽ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ നടത്തുന്നത്.
ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെയാണ് ജനകീയ തിരച്ചിൽ ഉൾപ്പെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റു തിരച്ചില്‍ സംഘങ്ങളുടെയും കൂടെയാകും ഇവർ ദുരന്തസ്ഥലങ്ങളിലേക്ക് എത്തിച്ചത്. പ്രദേശത്ത് നിന്ന് കാണാതായ 131 പേർക്കായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഉരുൾദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്‍റെ നേത്വത്തിലുള്ള സംഘമാണ് ദുരന്തഭൂമി സന്ദര്‍ശിക്കുക. വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും കേന്ദ്രസംഘത്തെ അനുഗമിക്കും. വൈകിട്ട് 3.30ന് എസ്.കെ.എം.ജെ സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തും.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. അനധികൃത ഖനനവും പ്രളയവുമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്ന് കേസ് രജിസ്റ്റർ ചെയ്ത് കോടതി വ്യക്തമാക്കിയിരുന്നു. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ ജയശങ്കരൻ നന്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുക. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതി പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈകോടതി ഇന്ന് പരിഗണിക്കും. മാധ്യമ വാർത്തകളുടേയും കോടതിക്ക് ലഭിച്ച കത്തുകളുടേയും നിർദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിഷയം സ്വമേധയാ കേസെടുത്തത്.
കഴിഞ്ഞ ദിവസം അഡ്വക്കറ്റ് ജനറലിനെ വിളിച്ചു വരുത്തിയ കോടതി, പ്രകൃതിദുരന്തങ്ങൾ തടയാൻ സമഗ്ര പരിഷ്‌ക്കാരങ്ങൾ നടപ്പാക്കണമെന്നും നിയമനിർമാണമടക്കം പരിഗണിക്കണമെന്നും നിർദേശിച്ചു. വയനാട് ജില്ലയിലെ മുപ്പയ്നാട് പഞ്ചായത്തിൽ ക്വാറിക്ക് പഞ്ചായത്ത് അനുമതി നിഷേധിച്ച നടപടി റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്യുന്ന അപ്പീൽ ഹരജികൾ പരിഗണിക്കവെയാണ് വയനാട് വിഷയത്തിൽ കോടതി സ്വമേധയാ ഇടപെട്ടത്.
ദുരന്തനിവാരണ ജില്ല അതോറിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ക്വാറിക്ക് പഞ്ചായത്ത് അനുമതി നിഷേധിച്ചതെന്ന് കോടതി പറഞ്ഞു. കേരളത്തിന്‍റെ ചില പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലകളാണ്. മഴയെയും പ്രകൃതിയെയും പിടിച്ചുനിർത്താൻ മനുഷ്യന് കഴിയില്ല. സുസ്ഥിര വികസനം ഇവിടെ സാധ്യമാണോയെന്ന കാര്യത്തിൽ പുനിർവിചിന്തനം അനിവാര്യമാക്കുന്നതാണ് വയനാട് സംഭവം.
പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനിർമാണ സഭയും ഭരണനിർവഹണ മേഖലയും ജുഡീഷ്യറിയും കൂട്ടായി ആലോചിച്ച് തിരുമാനമെടുക്കണം. ഖനനം, പ്രളയം തുടങ്ങിയവ നിയന്ത്രിക്കാൻ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ആലോചിക്കണമെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി നിർദേശിച്ചു.
ഉരുൾപൊട്ടൽ അടക്കം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാവുമെന്ന് പരിശോധിക്കണം. ഇതിനായി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കിൽ അക്കാര്യം ആലോചിക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.