വടംവലി വിജയികളെ കാത്ത് 11 അടി ഉയരത്തിൽ കൂറ്റൻ ട്രോഫി
text_fieldsമണ്ണഞ്ചേരി: വടംവലി മത്സരവിജയികൾക്ക് സമ്മാനിക്കാൻ ഏറ്റവും വലിയ ട്രോഫിയുമായി മണ്ണഞ്ചേരി ചിയാംവെളി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. കായിക കേരളത്തിലെ ആദ്യത്തെ ഏറ്റവും നീളം കൂടിയ ട്രോഫിയാണ് ഒരുക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ നാലിന് നടക്കുന്ന 11ാ മത് അഖില കേരള വടംവലി മത്സരത്തിലെ വിജയികൾക്കാണ് ട്രോഫി സമ്മാനിക്കുക.
11 അടിയാണ് ട്രോഫിയുടെ നീളം. ക്ലബിന്റെ രജത ജൂബിലിയും വടംവലി മത്സരത്തിന്റെ 11ാ മത് വാർഷികവും പ്രമാണിച്ചാണ് ഇത്തരത്തിൽ സമ്മാനം ഏർപ്പെടുത്തിയതെന്ന് സംഘാടകർ പറഞ്ഞു. അഴിച്ച് സെറ്റ് ചെയ്യാവുന്ന രീതിയിൽ തൃശൂരിലാണ് ട്രോഫി നിർമിച്ചത്. തടി, ഫൈബർ, മെറ്റൽ തുടങ്ങിയവ കൊണ്ടാണ് നിർമിതി. ട്രോഫിക്ക് മാത്രം 32,000 രൂപ ചെലവായി. നാട്ടിലെ മൺമറഞ്ഞ വടംവലി കളിക്കാരുടെ പേരുകളും ട്രോഫിയിൽ എഴുതിയിട്ടുണ്ട്.
വടംവലിയെ പ്രോത്സാഹിപ്പിക്കലാണ് കൂറ്റൻ ട്രോഫി കൊണ്ട് ഇവർ ലക്ഷ്യം വെക്കുന്നത്. നാട്ടിൽ തരംഗമായ ട്രോഫി കാണാനും സെൽഫി എടുക്കാനും കായിക പ്രേമികൾ ചിയാംവെളിയിലേക്ക് എത്തുന്നുണ്ട്. ഒന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് ഈ ട്രോഫിയും 15,000 രൂപയും. രണ്ടാം സ്ഥാനത്തിന് ആറടി ഉയരത്തിലുള്ള ട്രോഫിയും ഏഴായിരത്തി ഒന്ന് രൂപയും മൂന്ന്, നാല് സ്ഥാനക്കാർക്ക് എവറോളിങ് ട്രോഫിയുമാണ് സമ്മാനം.
സാധാരണയിൽനിന്ന് വ്യത്യസ്തമായി കുഴികൾ എടുത്ത് ഇരുന്ന് വലിക്കുന്ന തരംഗ വലി രീതിയിലാണ് വടംവലി മത്സരം. പ്രസിഡന്റ് ഷുക്കൂർ, അൻസിൽ പീറ്റർ, സെക്രട്ടറി അനസ്, നഹാസ് രക്ഷാധികാരി അൻസർ സ്പ്രിങ് തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.