ഓപറേഷൻ ആഗ്; ഗുണ്ടകളെ വലയിലാക്കാൻ വ്യാപക റെയ്ഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ ക്രിമിനലുകളെ വലയിലാക്കാൻ പൊലീസ് റെയ്ഡ്. ബുധനാഴ്ച രാവിലെ ആറു മുതലാണ് റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരത്ത് കരമന, നേമം മേഖലയിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഗുണ്ടാ ആക്രമണങ്ങൾ നടന്നിരുന്നു.
കഴിഞ്ഞ ദിവസം കരമനയിൽ യുവാവിനെ സംഘം ചേർന്നു കൊലപ്പെടുത്തിയിരുന്നു. കഴക്കൂട്ടത്ത് പൊലീസുകാരനും ആക്രമണത്തിനിരയായി. ചൊവ്വാഴ്ച രാത്രി വെള്ളറടയിൽ ലഹരിമാഫിയയുടെ ആക്രമണവും ഉണ്ടായി. സിറ്റി പൊലീസ് കമീഷണറുടെയും റൂറൽ എസ്.പിയുടെയും നിർദേശപ്രകാരമാണ് ഗുണ്ടാലിസ്റ്റിൽപ്പെട്ട കുറ്റവാളികളുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത്. കാപ്പ ചുമത്തപ്പെട്ട പ്രതികളുടെ വീടുകിലും റെയ്ഡ് നടക്കുന്നു.
ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് മടിക്കുകയാണെന്ന ആരോപണത്തിന് ബലം പകർന്നാണ് തൃശൂരിൽ ജയിൽമോചിതരായ ഗുണ്ടാസംഘം പാർട്ടി സംഘടിപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയിട്ടും പൊലീസ് നടപടി എടുക്കാതെ മടങ്ങിപ്പോയതും വിമർശനത്തിനിടയാക്കി. ഇതിനിടെയാണ് 1880 ഗുണ്ടകൾക്കെതിരെ നടപടി എടുക്കണമെന്ന പൊലീസ് മേധാവിയുടെ റിപ്പോർട്ട് മുക്കിയത്. തെരഞ്ഞെടുപ്പിനു മുമ്പ് നൽകിയ റിപ്പോർട്ടിൽ കാര്യമായ നടപടി എടുക്കാത്ത പൊലീസിനു നേരെ കടുത്ത വിമർശനം ഉയർന്നതോടെയാണ് ഓപറേഷൻ ആഗ് എന്ന പേരിലെ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.