പട്ടിക വിഭാഗ ക്ഷേമ മന്ത്രിയുടെ ശിപാർശ: അട്ടപ്പാടിയുടെ വികസനത്തിന് മാസ്റ്റർപ്ലാന്‍ വേണം
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയുടെ വികസനത്തിന് മാസ്റ്റർപ്ലാന്‍ തയാറാക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തിന് നോഡല്‍ ഓഫിസറെ നിയമിക്കണമെന്നും ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
അട്ടപ്പാടി സന്ദർശിച്ച ശേഷമാണ് മന്ത്രി വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. അട്ടപ്പാടിയിൽ വ്യാജമദ്യം ഒഴുകുന്നെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. അംഗൻവാടികളുടെ സ്ഥിതി മെച്ചപ്പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. നാലുദിവസത്തിനിടെ അട്ടപ്പാടിയില്‍ അഞ്ച് ശിശുമരണം നടന്നതിനെ തുടര്‍ന്നാണ് മന്ത്രിസ്ഥലം സന്ദര്‍ശിച്ച് റിപ്പോർട്ട് തയാറാക്കിയത്. അട്ടപ്പാടിയുടെ ദുരവസ്ഥ പരിഹരിക്കാന്‍ മാസ്റ്റർപ്ലാന്‍ വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അട്ടപ്പാടിയില്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും അവയുടെ ഏകോപനവും നിരീക്ഷണവുമില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിക്കണം. മൂന്നുമാസക്കാലയളവിൽ വകുപ്പുകളുടെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തണം.
കോളനിയിലെ യുവാക്കളും കുട്ടികളും മദ്യത്തിന് അടിമകളായി നശിക്കുകയാണ്. ലഹരിമരുന്നടങ്ങിയ സ്റ്റിക്കർ നാവിനടിയില്‍ െവച്ച് ഭക്ഷണം കഴിക്കാതെ നടക്കുന്നവരുണ്ട്. മറ്റ് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരും ഇവിടുണ്ട്. അതിനാൽ ഇവിടെ ബോധവത്കരണവും ഫലപ്രദമായ ഇടപെടലും ആവശ്യമാണ്.
ആശുപത്രികളില്‍ ആധുനിക സൗകര്യം അടിയന്തരമായി ഏർപ്പെടുത്തണം. ചികിത്സക്കായി എത്തുന്നവരെ മറ്റാശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സ്ഥിതി മാറണം.
അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ഡോക്ടര്‍മാരെ കണ്ടെത്തണം. വിദ്യാഭ്യാസയോഗ്യതക്കനുസരിച്ച് മാസവരുമാനം ലഭിക്കുന്ന തൊഴില്‍ തദ്ദേശവാസികൾക്ക് ഉറപ്പുവരുത്തണമെന്നും മന്ത്രി റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിപ്പോർട്ട് ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.