നാടിനൊരു മന്ത്രി, നല്ലത് ചെയ്യാനാകട്ടെ; എം.ബി രാജേഷിനെ പ്രശംസിച്ച് വി.ടി ബൽറാം
text_fieldsസ്പീക്കർ സ്ഥാനം രാജിവെച്ച് മന്ത്രിയായി ചുമതലയേൽക്കുന്ന എം.ബി.രാജേഷിനെ ആശംസ അറിയിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. തൃത്താല മണ്ഡലത്തിൽ രാജേഷിന്റെ എതിരാളിയായിരുന്നു മുൻ എം.എൽ.എ വി.ടി ബൽറാം. നാട്ടിൽ നിന്ന് ഒരാൾ മന്ത്രിയായതിൽ സന്തോഷമെന്നും നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ബൽറാം പറഞ്ഞു.
'അദ്ദേഹം എം.എൽ.എ ആയതിന് ശേഷം മൂന്നുനാല് തവണ നേരിൽ കണ്ടിരുന്നു. മണ്ഡലത്തിലെ സ്കൂളിലെയും കോളജിലെയും കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുന്ന വേളയിൽ ഒരേ വേദിയിൽ എത്തിയിരുന്നു. മന്ത്രിസഭ രൂപീകരണ സമയത്ത് തന്നെ അദ്ദേഹം മന്ത്രിയാകേണ്ടതായിരുന്നു. എന്നാൽ അന്ന് സ്പീക്കറായി നിയോഗിച്ചു. ഇപ്പോൾ മന്ത്രിയാക്കി മാറ്റാൻ അവരുടെ പാർട്ടി തീരുമാനിച്ചു. വോട്ടറെന്ന നിലയിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു' –ബൽറാം പറഞ്ഞു.
സ്പീക്കര്‍ പദവി ഒഴിഞ്ഞ എം.ബി.രാജേഷ് പിണറായി മന്ത്രിസഭയിലെ അംഗമായി ചൊവ്വാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിൽ തദ്ദേശം, എക്സൈസ് എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിട്ടുളളത്. രാജേഷ് ഒഴിഞ്ഞ സ്പീക്കർ പദവിയിൽ എ.എൻ ശംസീർ ആണ് പുതിയ സ്പീക്കറായി എത്തുക. തൃത്താലയിൽ എം.ബി രാജേഷും വി.ടി ബൽറാമും തമ്മിൽ കനത്ത മത്സരമാണ് അരങ്ങേറിയിരുന്നത്. ഒടുവിൽ സിറ്റിങ് എം.എൽ.എയായ ബൽറാമിനെ രാജേഷ് പരാജയപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.