ചുറ്റും കാടുപിടിച്ച ഒറ്റമുറി വീട്ടിൽ മകൻ തിരിച്ചു വരുന്നതും കാത്ത് ഒരമ്മ; മാലിന്യം നിറഞ്ഞ തോട്ടിൽ മുങ്ങിയത് അവരുടെ ഏക ആശ്രയം
text_fieldsതിരുവനന്തപുരം: 1500 രൂപ കിട്ടുമെന്നതാണ് മനുഷ്യ വിസർജ്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട്ടിലിറങ്ങി മാലിന്യം വാരാൻ മാരായമുട്ടം സ്വദേശി ജോയിയെ പ്രേരിപ്പിച്ചത്. ജീവിക്കാനായി ജോയി പല ജോലികളും ചെയ്തു. ആദ്യം മണൽവാരലായിരുന്നു. സർക്കാർ മണൽ വാരൽ നിരോധിച്ചതോടെ ആക്രി പെറുക്കാൻ പോയി. ആക്രി പെറുക്കി വലിയ വരുമാനമൊന്നും കിട്ടാതെ വന്നപ്പോഴാണ് സുഹൃത്ത് വഴി റെയിൽവേ സ്റ്റേഷനിൽ മാലിന്യം നീക്കാൻ എത്തിയത്. അമ്മയോടൊപ്പം വീടെന്നു പോലും പറയാൻ കഴിയാത്ത ഒറ്റമുറി കൂരയിലായിരുന്നു ജോയി താമസിച്ചിരുന്നത്. എന്നെങ്കിലുമൊരിക്കൽ നമുക്കും അടച്ചുറപ്പുള്ള വീട് നിർമിക്കാൻ സാധിക്കുമെന്ന് ജോയി അമ്മ മെൽഹിയോട് പറയുമായിരുന്നു. 10 വർഷംമുമ്പാണ് ജോയിയുടെ പിതാവ് നേശമണി മരിച്ചത്. അന്നുമുതൽ അമ്മയും മകനും മാത്രമാണ്. വീടിനു ചുറ്റും കാടുപിടിച്ചു കിടക്കുകയാണ്. ഇവിടേക്കുള്ള വഴിയും സഞ്ചാരയോഗ്യമല്ല. സഹോദരങ്ങൾ മറ്റിടങ്ങളിൽ താമസിക്കുന്നു. ജോയിയുടെ സഹോദര ഭാര്യ അർബുദം ബാധിച്ച് മരിച്ചിട്ട് ഒരുമാസമായിട്ടേ ഉള്ളൂ. ആ വീട്ടിൽ മകൻ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് മെൽഹി.
എത്ര വയ്യെങ്കിലും ജോലിക്കു പോകുന്ന ആളായിരുന്നു ജോയിയെന്ന് അമ്മ പറയുന്നു. എന്തു ജോലിയും ചെയ്യും. 'അവനായിരുന്നു ഏക ആശ്രയം. രാവിലെ ആറു മണിക്ക് ജോലിക്കിറങ്ങിയാൽ വൈകീട്ട് അഞ്ചാകുമ്പോൾ തിരിച്ചെത്തും. ഒരിക്കലും അവൻ വീട്ടിൽ വെറുതെ ഇരിക്കില്ല. എന്തു ജോലിക്ക് വിളിച്ചാലും പോകും.'-അമ്മ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.