മന്ത്രിമാർ ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കണമെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: ഇടതുസർക്കാറിലെ മന്ത്രിമാർ ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കണമെന്ന് സി.പി.എം സംസ്ഥാനസമിതിയുടെ നിർദേശം. സി.പി.എം മന്ത്രിമാർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന്, വിമർശനങ്ങളോട് പ്രതികരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
ആഭ്യന്തരം ഉൾപ്പെടെ വിവിധ വകുപ്പുകൾക്കെതിരെ സംസ്ഥാന സമിതി യോഗത്തിൽ വിമർശനമുണ്ടായതായി യോഗശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മതിച്ചു. മന്ത്രിമാർ സജീവമാകണമെന്ന് നിർദേശിച്ചതായ മാധ്യമ വാർത്തകൾ അദ്ദേഹം സ്ഥിരീകരിച്ചു. മന്ത്രിമാർ ഓൺലൈൻ യോഗങ്ങൾ കുറക്കണം. പൊലീസ് വകുപ്പ് എക്കാലത്തും വിമർശനവിധേയമാണ്. മന്ത്രിമാരെ മാറ്റത്തക്ക സ്ഥിതിയുണ്ടെന്ന അഭിപ്രായം സി.പി.എമ്മിനില്ല. പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിസഭ പുനഃസംഘടന വാർത്തകൾ തള്ളിയ കോടിയേരി, സി.പി.എമ്മിൽനിന്ന് ആരെയും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
മന്ത്രിമാർ തങ്ങളുടെ ഓഫിസിന്റെ പ്രവർത്തനത്തിൽകൂടി ശ്രദ്ധിക്കണമെന്ന് സംസ്ഥാന സമിതിയിൽ നടന്ന ചർച്ചക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിമാർക്ക് പരിചയക്കുറവുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ, അവർ അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷ. ഒന്നാം പിണറായി സർക്കാറുമായി താരതമ്യം ചെയ്യുമ്പോൾ ഈ സർക്കാറിലെ മന്ത്രിമാരുടെ പ്രവർത്തനം മെച്ചമല്ലെന്ന വിമർശനത്തിനും അദ്ദേഹം മറുപടി നൽകി. 'ഒന്നാം സർക്കാറും രണ്ട് വർഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നത്. വിമർശിച്ചതുപോലുള്ള പ്രശ്നങ്ങളൊന്നുമില്ല. എങ്കിലും പാർട്ടിയുടെ പ്രതീക്ഷക്കൊത്ത് വരണമെന്ന നിർദേശം ഉൾക്കൊള്ളുന്നു' -പിണറായി പറഞ്ഞു.
വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകളിലെത്തുന്ന ജനങ്ങളോടുള്ള പെരുമാറ്റം ശ്രദ്ധിക്കണം. പറ്റുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കണം. മനസ്സ് മടുപ്പിക്കുന്ന പെരുമാറ്റം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിൽ കോഴിക്കോട് മേയർ തെറ്റ് സമ്മതിച്ചതായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അവരുടെ നടപടിയെ കോഴിക്കോട് ജില്ല സെക്രട്ടറി തള്ളിപ്പറഞ്ഞു. അത് തന്നെയാണ് നടപടി. ചില മേയർമാരുടെ ധാരണ നാട്ടിൽ നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കണമെന്നാണ്. മുമ്പ് ഇതിനേക്കാൾ വലിയ ഒരു നേതാവ് കൊല്ലത്ത് ഇങ്ങനെ പോയിട്ടുണ്ട്. അതിൽ സി.പി.എം നടപടിയും എടുത്തു. കർക്കടക വാവ് സംബന്ധിച്ച പി. ജയരാജന്റ സമൂഹ മാധ്യമ പ്രസ്താവനയിൽ പാർട്ടി വിരുദ്ധമായ കാര്യങ്ങളുണ്ടായിരുന്നു. അത് അദ്ദേഹം തന്നെ പിൻവലിച്ചു.
റോഡിലെ കുഴി പ്രചാരണമാക്കിയ സിനിമ പോസ്റ്ററിനെതിരായ സമൂഹ മാധ്യമ ആക്രമണം സി.പി.എമ്മിന്റെ ബാധ്യതയല്ല. ജമ്മു-കശ്മീർ സംബന്ധിച്ച കെ.ടി. ജലീലിന്റെ പ്രസ്താവന സംബന്ധിച്ച വിവാദം താൻ കണ്ടിട്ടില്ലെന്നും പരിശോധിച്ചശേഷം മറുപടി പറയാമെന്നും കോടിയേരി പറഞ്ഞു.
എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നു -കോടിയേരി
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ പലനാളുകളായി ശ്രമം നടക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള സർക്കാരിനെ സംരക്ഷിക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാണിക്കുകയാണ്. ഈ വിവേചനം വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. സി.പി.എം നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
ഗവർണറെ ഉപയോഗിച്ചും സർക്കാരിനെതിരെ നീക്കം നടക്കുകയാണ്. ഗവർണർ ഇടപെടേണ്ട രീതിയിൽ അല്ല പ്രവർത്തിക്കുന്നത്. അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ബോധപൂർവമുള്ള കളിയാണിത്. മറ്റ് പല സംസ്ഥാനങ്ങളിലും ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ താഴെയിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സമീപനം സാധാരണ രീതിയിൽ ഉള്ളതെന്നും കോടിയേരി വ്യക്തമാക്കി. കിഫ്ബിയെ ഉൾപ്പെടെ തകർക്കാൻ ശ്രമിക്കുകയാണെന്നും തോമസ് ഐസക്കിന് എതിരായ ഇ.ഡി നീക്കം എന്തിനു വേണ്ടിയാണെന്ന് വ്യക്തമാണെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.