ട്രെയിനിലെ ബെർത്ത് പൊട്ടി ദേഹത്ത് വീണ് മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം
text_fieldsമാറഞ്ചേരി (മലപ്പുറം): ട്രെയിൻ യാത്രക്കിടെ മധ്യത്തിലെ ബെർത്ത് പൊട്ടി ദേഹത്ത് വീണ് താഴെ ബെർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാനാണ് (62) മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാനക്ക് സമീപം വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം.
അപകടം നടക്കുമ്പോൾ അലിഖാൻ താഴത്തെ ബെർത്തിൽ കിടക്കുകയായിരുന്നു. മധ്യത്തിലെ ബെർത്ത് പൊട്ടിവീണ് പിരടിയിലെ മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു.
തുടർന്ന് കൈകാലുകൾ തളർന്നു. റെയിൽവേ അധികൃതർ ഉടൻ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും തിങ്കളാഴ്ച മരിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഷക്കീല (എറണാകുളം). മകൾ: ഷസ. സഹോദരങ്ങൾ: ഹിഷാം, അബ്ദുല്ലക്കുട്ടി, ഉമർ, ബക്കർ, ഹവ്വാ ഉമ്മ, കദീജ, മറിയു. പരേതനായ ചേകനൂർ മൗലവി സഹോദരീ ഭർത്താവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.