സിയാൽ പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതിക്ക് പുതിയ മുഖം
text_fieldsനെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതിക്ക് പുതിയ ഉണർവ്. താജ് ഗ്രൂപ്പുമായി ചേർന്നുള്ള താജ് സിയാൽ ഹോട്ടൽ അടുത്തവർഷം പ്രവർത്തനം തുടങ്ങും. ഹോട്ടൽ നടത്തിപ്പിനുള്ള കരാർ ടാറ്റയുടെ ഉപകമ്പനിയായ ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡിന് (ഐ.എച്ച്.സി.എൽ) ലഭിച്ചു.
താജ് ഗ്രൂപ്പിന്റെ ഉടമസ്ഥരാണ് ഐ.എച്ച്.സി.എൽ. ദേശീയ ടെൻഡറിലൂടെയാണ് സിയാൽ, ഹോട്ടൽ നടത്തിപ്പുകാരെ തിരഞ്ഞെടുത്തത്. ഹോട്ടലിന്റെ അനുബന്ധ സൗകര്യ വികസനത്തിനായി ഐ.എച്ച്.സി.എൽ 100 കോടി രൂപ നിക്ഷേപിക്കും. 2024 മധ്യത്തോടെ താജ് സിയാൽ പ്രവർത്തിച്ചു തുടങ്ങും.
കൊച്ചി വിമാനത്താവള ടെർമിനലുകൾക്ക് തൊട്ടടുത്തായി സിയാൽ പണികഴിപ്പിച്ചിട്ടുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ 112 മുറികളുണ്ട്. സിവിൽ ജോലികൾ ഏറെക്കുറെ പൂർത്തിയായി. താജ് ബ്രാൻഡിന്റെ നിലവാരം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട അനുബന്ധ ജോലികളാണ് ഇനിയുള്ളത്. കരാർ പ്രകാരമുള്ള വരുമാനഭാഗം ഐ.എച്ച്.സി.എൽ സിയാലിന് നൽകും.'സിയാൽ-താജ് സഹകരണം കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ പുതിയ ഉണർവ് സൃഷ്ടിക്കുമെന്ന് സിയാൽ എം.ഡി എസ്. സുഹാസ് ചൂണ്ടിക്കാട്ടി.
വ്യോമയാന-ഇതര വരുമാനം വർധിപ്പിക്കുന്നതിനുള്ള സിയാലിന്റെ പദ്ധതികളിൽ നിർണായക സ്ഥാനമാണ് പഞ്ചനക്ഷത്ര ഹോട്ടലിനുള്ളത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വമ്പൻ വികസനത്തിന് ഒരുങ്ങുകയാണ്. ടാറ്റയുടെ തന്നെ ഹോട്ടൽ ശൃംഖലയിൽ കൊച്ചി വിമാനത്താവളവും കണ്ണിയാകുന്നതോടെ വ്യോമയാന-ടൂറിസം മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവർത്തനത്തിലും നിർമാണത്തിലുമായി 20 ഓളം പ്രൊജക്ടുകളാണ് കേരളത്തിൽ നിലവിൽ താജിനുള്ളത്. സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതി കൊച്ചിയിലെ അഞ്ചാമത്തെ പ്രോജക്ടാണ്. മൂന്നാമത്തെ വലിയ പ്രോപ്പർട്ടിയും. കരാർ വ്യവസ്ഥകളനുസരിച്ച് താജ് എന്ന ബ്രാൻഡ് സംസ്‌കാരം നിലനിർത്തികൊണ്ട് നിലവിലുള്ള ഘടനയിൽ അത്യാധുനിക സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടലിനെ കേരളത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നാക്കി മാറ്റാൻ ഞങ്ങൾ പരമാവധി ശ്രമിക്കുമെന്നും താജ് അധികൃതർ വ്യക്തമാക്കി.
സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് എതിർവശത്ത് 4 ഏക്കർ സ്ഥലത്താണ് നിർമ്മിച്ചിട്ടുള്ളത്. 2.04 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. റസ്റ്റോറന്റ്, സർവീസ് ബാർ എന്നിവയുമുണ്ട്. ഒരു വശത്ത് വിമാനത്താവളവും മറുവശത്ത് മലനിരകളും ദൃശ്യമാകുന്ന രീതിയിൽ ഇരുവശങ്ങളിലേക്കുമായാണ് ഹോട്ടൽ മുറികൾ രൂപകല്പന ചെയ്തിട്ടുള്ളത്. വിമാനത്താവളത്തിന് അഭിമുഖമായി 440 ചതുരശ്ര മീറ്റർ പാർട്ടിഹാൾ, രണ്ട് ബോർഡ് റൂമുകൾ, വിമാനത്താവളത്തിന്റെ വിശാലമായ കാഴ്ച നൽകുന്ന ടെറസ് ഡൈനിംഗ് ഏരിയ എന്നിവയും ഹോട്ടലിന്റെ സവിശേഷതകളാണ്.
രാജ്യത്തെ ആദ്യത്തെ ചാർട്ടേഡ് ഗേറ്റ്‌വേയായി സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ 2022 ഡിസംബറിൽ പ്രവർത്തനം തുടങ്ങിയിരുന്നു. 18-ഹോൾ ഗോൾഫ് കോഴ്‌സ്, കൺവെൻഷൻ സെന്റർ എന്നിവയും സിയാലിനുണ്ട്. വ്യോമയാന ഇതര വരുമാന വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.