അസമത്വങ്ങൾക്കെതിരെ പുതുതലമുറ പ്രതികരിക്കണം -അഡ്വ. പി. സതീദേവി
text_fieldsചാവക്കാട്: സമൂഹത്തിലെ അസമത്വങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുന്നവരായി പുതുതലമുറ മാറണമെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. തീരദേശ ക്യാമ്പിനോട് അനുബന്ധിച്ച് പുന്നയൂർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വനിത കമ്മിഷന് അംഗം വി.ആര്. മഹിളാമണി അധ്യക്ഷത വഹിച്ചു. അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്, റിസര്‍ച്ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന, തൃശൂർ ലോ കോളജ് അധ്യാപിക ഡോ. സോണിയ, പഞ്ചായത്ത് സെക്രട്ടറി ഷീജ, സി.ഡി.എസ് ചെയർപേഴ്സൻ അനിത സുരേഷ്, ജോയ്നി ജേക്കബ്, അഡ്വ. ആശ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
തീരമേഖല പലിശക്കെണിയിൽ; പ്രത്യേക പദ്ധതി വേണം
ചാവക്കാട്: തീരമേഖല പലിശക്കെണിയിലാണെന്നും പ്രത്യേകം പദ്ധതി നടപ്പാക്കണമെന്നും വനിത കമീഷൻ.
പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂർ ഉൾപ്പെടെ തീരമേഖല മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള വമ്പൻ കമ്പനികളുടെ പിടിയിലെന്ന് ക്യാമ്പിൽ പഞ്ചായത്ത് അംഗം എം.കെ. അറഫാത്ത് ഉന്നയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കമീഷൻ.
സ്ത്രീകളെ ചൂഷണം ചെയ്യുന്ന സ്വകാര്യ പണമിടപാടുകാരുടെ പ്രവര്‍ത്തനങ്ങള്‍ തീരദേശമേഖലയില്‍ വ്യാപകമായിട്ടുണ്ട്. മേയ് മുതൽ ഒക്ടോബർ വരെ മത്സ്യത്തൊഴിലാളികൾക്ക് മീൻ പിടിക്കാൻ കഴിയുന്നതെന്ന് അറഫാത്ത് പറഞ്ഞു. അതു കഴിഞ്ഞാൽ ജോലിയില്ലാത്ത അവസ്ഥയാണ്. ഈ ഘട്ടത്തിൽ അവർക്ക് ജീവിക്കാൻ പലിശക്ക് പണം വാങ്ങേണ്ടി വരുന്നു. ഇക്കാര്യം കേരളീയ സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഈ പ്രശ്നത്തില്‍ നിന്നും തീരദേശത്തുള്ളവരെ രക്ഷിക്കുന്നതിനു വേണ്ടി നല്ല ധനകാര്യ മാനേജ്മെന്റ് സാധ്യമാകുന്ന വിധം ഇടപെടല്‍ നടത്താന്‍ ഫിഷറീസ് വകുപ്പ് പ്രത്യേകം പദ്ധതി നടപ്പാക്കണമെന്നും വനിത കമീഷൻ ആവശ്യപ്പെട്ടു.
പൊലീസിനെതിരെ പഞ്ചായത്ത് പ്രസിഡന്റ്
ചാവക്കാട്: വനിതകളുടെ പരാതികളിൽ പൊലീസിന്റെ സമീപനം വളരെ മേശമാണെന്ന് വനിത കമീഷൻ തീരദേശ മേഖല ക്യാമ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേന്ദ്രൻ.
കുറച്ചുമുമ്പ് അകലാടുള്ള ഒരു സ്ത്രീ വടക്കേക്കാട് സ്റ്റേഷനിൽ പരാതി നൽകി. അതിൽ നടപടി ഇല്ലാതായപ്പോൾ എച്ച്.എസ്.ഒയെ വിളിച്ച് ആവർത്തിച്ച് ആവശ്യപ്പെട്ട ശേഷമാണ് നടപടിയെടുത്തതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഇത്തരം നടപടികളിൽ തിരുത്തപ്പെടേണ്ടതാണ്. വടക്കേക്കാട് സ്റ്റേഷനിലുള്ള പലരും വിവിധയിടങ്ങളിൽനിന്ന് ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലം മാറിയെത്തിയവരാണെന്നും പലപ്പോഴും പൊതുജനങ്ങൾക്കെതിരെയാണ് പൊലീസെന്നും അദ്ദേഹം ആരോപിച്ചു.
മേഖലയിൽ എം.ഡി.എം.എ ഉപയോഗം വ്യാപകമാണെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ എടക്കഴിയൂരിൽ കഴിഞ്ഞ രണ്ട് തവണ വിളിച്ച ജാഗ്രതാ സമിതി യോഗങ്ങളിലും ചാവക്കാട് പൊലീസ് എത്തിയില്ലെന്ന് പഞ്ചായത്ത് അംഗം എം.കെ. അറഫാത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.