അവയവദാനത്തിന് പുതുചരിതം; രജിസ്ട്രേഷൻ നടത്തി ട്രാൻസ് ദമ്പതികൾ
text_fieldsകൊച്ചി: ജീവനി പദ്ധതി രജിസ്ട്രേഷനിലൂടെ മരണാനന്തര അവയവദാന സന്നദ്ധർക്കിടയിൽ പുതുചരിതം രചിച്ച് ട്രാൻസ്ജെൻഡർ ദമ്പതികൾ. ആലുവയിൽ താമസിക്കുന്ന ട്രാൻസ് ദമ്പതികളായ തൃപ്തി ഷെട്ടി-ഹൃത്വിക് എന്നിവർ സംസ്ഥാന സർക്കാറിെൻറ മൃതസഞ്ജീവനിയിൽ അംഗമാകാൻ മുന്നോട്ട് വന്നതോടെ രജിസ്ട്രേഷൻ പോർട്ടലിൽ സ്ത്രീ / പുരുഷൻ എന്നീ ഓപ്ഷനുകൾക്ക് ഒപ്പം ട്രാൻസ്ജെൻഡർ വിഭാഗത്തിനും പ്രത്യേക കോളം അനുവദിച്ചത് ചരിത്രത്തിെൻറ ഭാഗമായി.
മരണശേഷം തങ്ങളുടെ ശരീരം മറ്റാർക്കെങ്കിലും ഉപകാരപ്പെടുന്നത് മഹത്ത്വമേറിയ പ്രവൃത്തിയാണെന്ന ചിന്തയാണ് തീരുമാനത്തിനു പിന്നിലെന്ന് തൃപ്തി പറഞ്ഞു. വിവരം അറിഞ്ഞ ആരോഗ്യമന്ത്രി കെ.കെ. ശൈലജ തുടർനടപടികൾക്ക് നിർദേശം നൽകി. ഇതുപ്രകാരം മൃതസഞ്ജീവനിയിൽ ബന്ധപ്പെട്ട് അവയവദാനത്തിനുള്ള അപേക്ഷ നൽകി.
മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ വെബ് സൈറ്റ് തുറന്നപ്പോഴാണ് ജെൻഡർ കോളത്തിൽ സ്ത്രീ / പുരുഷൻ എന്നീ രണ്ട് ഓപ്ഷനുകളേ ഉള്ളൂവെന്ന് മനസ്സിലാക്കിയത്. ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ ഉടൻ ഇടപെടാമെന്ന് അവർ ഉറപ്പ് നൽകി. ഇതോടെയാണ് മൃതസഞ്ജീവനി അപേക്ഷയിൽ ട്രാൻസ്ജെൻഡർ എന്ന വിഭാഗം ഉൾപ്പെടുത്തിയത്. ഇതിന് തങ്ങൾ കാരണക്കാരായി എന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും അവർ പറഞ്ഞു.
ഇങ്ങനെ മൃതസഞ്ജീവനി രജിസ്ട്രേഷൻ പൂർത്തീകരിച്ച് ഡോണർ കാർഡ് ലഭിച്ചു. മരണാനന്തരം ശരീരം മെഡിക്കൽ കോളജിനു വിട്ടുനൽകാൻ അപേക്ഷ നൽകാനും തീരുമാനിച്ചു. മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠിക്കാൻ ട്രാൻസ് വിഭാഗത്തിൽനിന്ന് മൃതദേഹം കിട്ടിയിട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. ഈ തീരുമാനം അവർക്ക് ഉപകാരപ്പെടുമല്ലോ എന്നും തൃപ്തി കൂട്ടിച്ചേർത്തു.
രജിസ്ട്രേഷനിലൂടെ അവരെടുത്തത് അഭിനന്ദനാർഹമായ തീരുമാനമാണെന്ന് മൃതസഞ്ജീവനി ട്രാൻസ്പ്ലാൻറ് കോഓഡിനേറ്റർ പി.വി. അനീഷ് 'മാധ്യമ'ത്തോട് പറഞ്ഞു.
ആത്മവിശ്വാസം കൈമുതലാക്കി സംരംഭക രംഗത്ത് മികച്ച നേട്ടം കൈവരിച്ചവരാണ് തൃപ്തിയും ഹൃത്വിക്കും. അലങ്കാര മത്സ്യകൃഷിയിലൂടെ ഹൃത്വിക്കും ജ്വല്ലറി ഡിസൈൻ രംഗത്ത് തൃപ്തിയും പ്രശസ്തരാണ്. ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ വാർത്ത അവതാരകർ കൂടിയായ ഹൃത്വിക് മോഡലിങ് രംഗത്തും പ്രശസ്തയായ തൃപ്തിയെ വിവാഹം ചെയ്തത് 2019 ജൂൺ 10 നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.