'പുതിയ സമരമുറ കണ്ടെത്തണം, ഒമ്പത് വർഷമായി കോടതി കയറിയിറങ്ങുന്നു'; ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി.ഒ.ടി നസീർ
text_fieldsകോഴിക്കോട്: പുതിയ കാലത്ത് സമരം ചെയ്യുന്നവർ പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലതെന്ന് സി.പി.എം മുൻ നേതാവ് സി.ഒ.ടി നസീർ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപിച്ച കേസിലെ പ്രതിയായ സി.ഒ.ടി നസീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പറഞ്ഞത്. മുൻ മുഖ്യമന്ത്രിയെ ആക്രമിച്ച കേസിൽ ഒമ്പത് വർഷമായി നിരപരാധിത്വം തെളിയിക്കാൻ കോടതി കയറിയിറങ്ങുകയാണെന്നും സി.ഒ.ടി നസീർ വ്യക്തമാക്കി. സത്യം മാത്രമേ ജയിക്കാൻ പാടുള്ളുവെന്ന് ഹാഷ്ടാഗും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
സി.ഒ.ടി നസീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ -സ്വപ്ന വിഷയം അന്ന് (2013) മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി-സരിത വിഷയം. ഇന്ന് വിമാനത്തിൽ പ്രതിഷേധിക്കുന്നു അന്ന് റോഡിൽ പ്രതിഷേധിച്ചു. ആർക്ക് എങ്കിലും തോന്നുന്നു ഉണ്ടോ ഈ വ്യവസ്ഥിയിൽ വല്ല മാറ്റം ഉണ്ടാവും? പറയാൻ കാരണം കണ്ണ് കൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ല് ഏറിഞ്ഞ് എന്ന കേസ് ഇന്നും തിർന്നിട്ടില്ല. 9 വർഷമായി നിരാപാധിത്വം തെളിയിക്കാൻ കോടതിപടി കയറി ഇറങ്ങുന്നു. സമരം ചെയുന്ന സമരഭടൻമാരോട് പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലത്. #സത്യംമാത്രമേജയിക്കാൻപാടുള്ളു
2013 ഒക്ടോബർ 27നാണ് കണ്ണൂർ പൊലീസ് മൈതാനത്ത് സംസ്ഥാന അത്ലറ്റിക് മീറ്റിന്‍റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നേരെ എൽ.ഡി.എഫ് പ്രവർത്തകർ കല്ലെറിഞ്ഞത്. എം.എൽ.എമാരായ സി. കൃഷ്ണൻ, ടി.വി രാജേഷ്, സി.പി.എം നേതാവായിരുന്ന സി.ഒ.ടി നസീർ അടക്കം 113 പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിയായ നസീർ പിന്നീട് ഉമ്മൻ ചാണ്ടി തലശ്ശേരി റെസ്റ്റ് ഹൗസിൽ വന്നപ്പോൾ നേരിൽ കണ്ട് നിരപരാധിത്വം ബോധിപ്പിച്ചിരുന്നു.
പാർട്ടി അംഗത്വ ഫോറത്തിൽ മതം എഴുതാൻ തയാറല്ലെന്നതിന്‍റെ പേരിൽ പാർട്ടി അംഗത്വം പുതുക്കാതിരുന്ന സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും തലശ്ശേരി മുൻ നഗരസഭാംഗവുമായ നസീർ പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഇതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി.ഒ.ടി. നസീറിനു നേരെ 2019 മെയ് 18ന് ആക്രമണമുണ്ടായി. തലശ്ശേരിയുടെ വികസനമുരടിപ്പ് തുറന്നുകാട്ടി നസീർ രംഗത്തു വന്നത് ഇടതുമുന്നണിയെ രോഷാകുലരാക്കിയിരുന്നു.
ബൈക്കിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് നസീർ ആക്രമിക്കപ്പെട്ടത്. ബൈക്കിൽ പിന്തുടർന്നെത്തിയ മൂന്നംഗസംഘം കനക് റെസിഡൻസി കെട്ടിടത്തിന് മുന്നിലെ ടൈൽസ് സ്ഥാപനത്തിന്‍റെ വരാന്തയിൽ വെച്ച് നസീറിനെ ബൈക്കിൽ നിന്ന് തള്ളിവീഴ്ത്തി മാരകായുധങ്ങളുമായി വെട്ടിയും കുത്തിയും പരിക്കേൽപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് നസീറും സഹപ്രവർത്തകരും ആക്രമിക്കപ്പെട്ടിരുന്നു. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറിന്‍റെ നിർദേശ പ്രകാരമാണ് കൊലപാതക ശ്രമമെന്ന നസീറിന്‍റെ ആരോപണം വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.