വീട്ട് മുറ്റത്ത് കളിക്കുന്നതിനിടെ ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തു കൊണ്ടുപോയി
text_fieldsതൃക്കരിപ്പൂർ: അയൽവീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു സമീപം പള്ളിച്ചുമ്മാടെ ഫാബിന – സുലൈമാൻ ദമ്പതികളുടെ മകൻ ബഷീറിനെയാണ് നായ ആക്രമിച്ചത്. തലക്കു സാരമായി മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവീട്ടിൽ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് കുടുംബം. പരിപാടിക്കിടെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്. നായ്ക്കളിലൊന്ന് പൂച്ചയെ കടിച്ചെടുക്കുന്നതുപോലെ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയതായി അയൽവാസി പറയുന്നു. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകളുണ്ട്.
ഇതിനിടെ, പ്രദേശത്തെ നാല് പേർക്ക് കൂടി നായയുടെ കടിയേറ്റു. പടന്ന മൂസഹാജി മുക്കിൽ ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് ഹൈസ്കൂളിന് സമീപത്തെ മിസ്രിയക്ക് (51) കടിയേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. പടന്ന കാന്തിലോട്ട്, മാട്ടുമ്മൽ എന്നിവിടങ്ങളിലും കുട്ടികളാണ് നായയുടെ ആക്രമണത്തിന് ഇരയായത്. വീട്ടിൽ വളർത്തുന്ന കോഴികൾക്കും വളർത്ത് മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. മാസങ്ങളായി തെരുവുനായ്ക്കളുടെ ശല്യം കാരണം പൊറുതിമുട്ടുന്ന നാട്ടുകാർ പേപ്പട്ടി ആക്രമണത്തോടെ ഭീതിയിലാണ്. തെരുവുനായ്ക്കളെ അമർച്ച ചെയ്യുന്നതിൽ പഞ്ചായത്ത് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാർ കടുത്ത രോഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.