കോട്ടയം കിടങ്ങൂരിൽ ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു
text_fieldsകോട്ടയം: ഒരു വയസ്സും നാലുമാസവും പ്രായമുള്ള പെൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. കിടങ്ങൂർ സൗത്ത് ഞാറയ്ക്കൽ ജയേഷ് -ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യ ജയേഷ് ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അമ്മ ശരണ്യയുടെ ചെമ്പ്ളാവിലെ വളപ്പാട്ട് വീട്ടിൽ വച്ചായിരുന്നു സംഭവം.
നീന്തി നടക്കാൻ പ്രായമായ കുട്ടി വീട്ടിലെ ബാത്റൂമിൽ ബക്കറ്റിൽ എടുത്തു വച്ചിരുന്ന വെള്ളത്തിൽ വീണാണ് മരിച്ചത്. സംഭവ സമയത്ത് അമ്മ ശരണ്യയും ഇവരുടെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. എന്നാൽ കുട്ടി ബാത്ത്റൂമിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബാത്റൂമിലെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞ് കിടങ്ങൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.
മൃതദേഹം ഇപ്പോൾ കിടങ്ങൂർ എൽ.എൽ.എം ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
ആറ് വർഷം മുമ്പ് വിവാഹം കഴിഞ്ഞ ശരണ്യ-ജയേഷ് ദമ്പതികൾക്ക് നാലു വർഷത്തിന് ശേഷമാണ് പെൺകുഞ്ഞ് ജനിച്ചത്. പ്രാർഥനയിലൂടെ കൈവന്ന കുഞ്ഞായതിനാൽ ഭാഗ്യ എന്നു പേരിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.