വിദേശത്ത് നിന്നെത്തിയയാൾക്ക് മങ്കി പോക്സ് എന്ന് സംശയം, നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി
text_fieldsതിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിൽ എത്തിയയാൾക്ക് മങ്കി പോക്സിന്‍റെ ലക്ഷണങ്ങൾ ഉള്ളതായി ആരോഗ്യ മന്ത്രി വീണ ജോർജ്. രോഗലക്ഷണമുള്ളയാളെ ക്വാറന്‍റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ഇയാളുടെ സാമ്പിൾ പരിശോധനക്ക് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും വൈകീട്ട് ഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഫലം വന്ന ശേഷം ഏത് ജില്ലക്കാരനാണെന്ന് വ്യക്തമാക്കും. പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് മങ്കി പോക്സിന്‍റെ ലക്ഷണങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
യു.എ.ഇയിൽവെച്ച് രോഗം സ്ഥിരീകരിച്ച ആളുമായി സംസ്ഥാനത്ത് എത്തിയയാൾക്ക് സമ്പർക്കമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടി സ്വീകരിച്ചത്. രോഗലക്ഷണമുള്ള ആൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
മങ്കി പോക്സ്
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് മങ്കി പോക്സ്. ശരീര സ്രവങ്ങളിലൂടെയാണ് രോഗം പകരുക. പനി, തലവേദന, ശരീരത്ത് ചിക്കൻ പോക്സിന് സമാനമായ കുരുക്കൾ എന്നിവയാണ് ലക്ഷണങ്ങൾ. വസൂരിയെ പ്രതിരോധിക്കാനുള്ള വാക്സിനാണ് നിലവിൽ മങ്കി പോക്സിനും നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.