മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച വളർത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; നാട്ടുകാർ ഭീതിയിൽ
text_fieldsമൂവാറ്റുപുഴ: കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടുപേരെ കടിച്ച വളർത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെ മണ്ണുത്തി വെറ്ററിനറി കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായ്ക്ക് പേവിഷബാധ ഉണ്ടായിരുന്നുവെന്ന് വ്യക്തമായത്. വ്യാഴാഴ്ച നഗരത്തിലെ വെള്ളൂർക്കുന്നം തൃക്ക ഭാഗത്ത് സ്വകാര്യ വ്യക്തി വളർത്തിയിരുന്ന നായ വ്യാഴാഴ്ച രാവിലെ ചങ്ങല പൊട്ടിച്ച് പുറത്തുചാടിയാണ് എട്ടുപേരെ കടിച്ചത്.
മദ്റസ വിദ്യാർഥിക്കും അമ്പലത്തിൽ പോയി മടങ്ങുകയായിരുന്ന യുവതിക്കും കടിയേറ്റു. തൃക്കയിൽനിന്ന് തുടങ്ങി, ഉറവക്കുഴി, ആസാദ് റോഡ്, വാഴപ്പിള്ളിവഴി പുളിഞ്ചുവട് കവല വരെയുള്ള രണ്ട് കിലോമീറ്റർ ഒരു നായ് അടക്കം മൂന്നു വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. മുറ്റം അടിച്ചുകൊണ്ടിരുന്ന വയോധികക്ക് നായ് ഓടിച്ചതിനെത്തുടർന്ന് വീണ് ഗുരുതര പരിക്കേറ്റു. നാല് മണിക്കൂറിനുള്ളിലാണ് നായ പരിഭ്രാന്തി സഷ്ടിച്ചത്.
സംഭവ ദിവസം കോട്ടയത്തുനിന്ന് എത്തിയ വിദഗ്ധ സംഘം നായെ പിടികൂടി കൂട്ടിലടച്ച് നിരീക്ഷിച്ചുവരുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെ ചത്തു. തുടർന്ന് മണ്ണുത്തിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നായക്ക് പേവിഷ സ്ഥിരീകരിച്ചത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. തെരുവുനായ്ക്കൾ അടക്കം നിരവധി മൃഗങ്ങളെ നായ കടിച്ചതായാണ് സൂചന. ഇതിൽ എത്ര എണ്ണത്തിന് പേവിഷബാധ ഏറ്റിട്ടുണ്ടെന്ന ഭീതിയാണ് നാട്ടുകാർക്ക്.
നഗരത്തിൽ തന്നെ 12ഓളം സ്ഥലങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. നൂറിലധികം തെരുവുനായ്ക്കൾ ഇവിടങ്ങളിൽ ഉണ്ടെന്നാണ് കണക്ക്. നായക്ക് പേവിഷബാധ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നഗരസഭ ചെയർമാൻ പി.പി. എല്‍ദോസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.