കൈയേറ്റ ഭൂമി ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സബ് കലക്ടർക്ക് നിവേദനം നൽകി
text_fieldsഒറ്റപ്പാലം: ഓപ്പറേഷൻ അനന്തയുടെ ഭാഗമായി സർവേയിലൂടെ കണ്ടെത്തിയ കയ്യേറ്റ ഭൂമി ഒഴിപ്പിച്ചെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസൺ ഫോറം പ്രതിനിധികൾ ഒറ്റപ്പാലം സബ് കലക്ടർക്ക് നിവേദനം നൽകി. നഗരത്തിലെ ന്യു ബസാർ മുതൽ ലക്ഷ്മി തിയേറ്റർ വരെയുള്ള പാതക്കിരുവശവുമായി അര ഏക്കറിലേറെ ഭൂമിയാണ് കയ്യേറിയിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു.
മുൻ സബ്കലക്ടർമാർ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങൾ അനധികൃത ഇടപെടലുകൾ മൂലം തടസ്സപ്പെടുകയായിരുന്നു. ആർ.എസ് റോഡിന് എതിരിലുള്ള കിണറ്റിൻകരയിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ കോടതിയുടെയോ താലൂക്ക് ഓഫിസിന്‍റെയോ മിനി സിവിൽ സ്റ്റേഷന്‍റെയോ പരിസരത്തേക്ക് മാറ്റി സ്ഥാപിച്ച് കാൽ നടക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഫോറം സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ.പി ശ്രീനിവാസൻ, സംസ്ഥാന കൗൺസിൽ അംഗം എം. മുകുന്ദൻ എന്നിവർ നിവേദനം സബ് കലക്ടർ ശിഖ സുരേന്ദ്രന് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.