മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയിട്ടും പ്രവേശനം ലഭിച്ചില്ല; റയ സമീറിന്റെ കുറിപ്പ് വൈറലാവുന്നു
text_fieldsആയഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടും മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞതിന് ശേഷവും പ്ലസ് ടു പ്രവേശനം ലഭിക്കാതെ മാനസിക സമ്മർദമനുഭവിക്കുന്ന റയ സമീറിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു. പ്ലസ് ടു പ്രവേശനം ലഭിക്കാത്തതിനെതുടർന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിലേക്കാണ് തിരുവള്ളൂർ മീത്തലെ ഒതയോത്ത് സമീറിന്റെ മകൾ റയ സമീർ സമൂഹ മാധ്യമമായ എക്സിൽ കഴിഞ്ഞ ദിവസം കുറിപ്പ് ഇട്ടിരിക്കുന്നത്. ‘ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയോട്, അങ്ങയോട് ഇതെങ്ങനെ പറഞ്ഞറിയിക്കണം എന്നതിൽ ഈ പതിനാറുകാരിക്ക് ഒരുപാട് വേവലാതിയുണ്ട്. എങ്കിലും, അങ്ങയോടെല്ലാതെ മറ്റാരോട് ചോദിക്കും?
ഞാൻ റയ സമീർ. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിലെ 70000 പേരിൽ ഒരാൾ. ഏതാണ്ട് മൂന്നുമാസമായി വീട്ടിലിരിക്കുന്നു. ഇനിയും ഇരിക്കേണ്ടിവരുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
ട്രയൽ ഉൾപ്പെടെയുള്ള മൂന്ന് അലോട്ട്മെന്റിലും സർക്കാർ ‘സീറ്റ്’ കിട്ടിയില്ല. അല്ല! തന്നില്ല. ‘എന്റെ കുഴപ്പം കൊണ്ടല്ല’ എന്നു പലരും പറഞ്ഞ് ആശ്വസിപ്പിക്കുമ്പോഴും ഉള്ളിൽ ആളിക്കത്തുന്ന തീയുടെ എരിച്ചിലും നീറ്റലും കനത്ത നിരാശയുമാണ്.
പത്താം ക്ലാസ് എന്ന അധ്യയനവർഷത്തിന്റെ തുടക്കം മുതൽ കേട്ടത് മുഴുവൻ എ പ്ലസ് ഉള്ളവർക്കേ ‘സീറ്റ്’ ഉള്ളൂ എന്നായിരുന്നു. എന്നാൽ, ഇന്ന് ആ പട്ടികയിൽ ഉൾപ്പെടുന്ന എന്റെ മാനസികാവസ്ഥ അതീവ ഗുരുതരമാണ്. ഓരോ അലോട്ട്മെന്റ് വരുമ്പോഴും നിരാശയോടെ ഞാനും എന്റെ കുടുംബവും മുഖത്തോട് മുഖം നോക്കുമ്പോൾ പലരും ‘അടുത്തതിൽ വരും’ എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാൽ, ഇനി അടുത്തതൊന്നില്ല!. ക്ലാസുകൾ തുടങ്ങാറായി. ഞാൻ എന്റെ വീട്ടിലും, എന്നേപ്പോലെ ഞാൻ മാത്രമല്ല എന്നറിയാം. എന്നാൽ ‘എന്നെപ്പോലെയുള്ളവർ’ എത്രപേർ കാണുമെന്നതിൽ അറിവില്ല.
എന്റെ മനസ്സിലൂടെയോടുന്ന ഭീകരചിന്തകളുടെ ബലിയാടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുപാട് സ്വപ്നങ്ങൾ നെയ്ത കുട്ടിയാവും ‘ഹാദി റുഷ്ദ’. അവളെപ്പോലെ എല്ലാം വേണ്ടെന്നുവെച്ച് ലോകത്തോട് വിടപറയാൻ മടിയുണ്ട്. അവളുടെ ഇല്ലായ്മക്ക് ഉത്തരമായില്ല...
എന്റെ ശബ്ദത്തിനെങ്കിലും ഉത്തരത്തിനായി അപേക്ഷിക്കുന്നു’. വിദ്യാഭ്യാസമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചു കൊണ്ടാണ് റയയുടെ സങ്കടക്കുറിപ്പ് അവസാനിക്കുന്നത്. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സിയിൽ പഠനത്തിന് മിടുക്കിയായിരുന്ന റയ ഗ്രേസ് മാർക്കില്ലാതെയാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.