ബാലികയെ കൊലപ്പെടുത്താൻ കൊണ്ടുപോകുന്നത് കണ്ടിട്ടും നിസംഗത പാലിച്ചെന്ന്; തൊഴിലാളി നേതാവിനെതിരെ പൊലീസിൽ പരാതി
text_fieldsആലുവ: പിഞ്ചു ബാലികയെ കൊലപ്പെടുത്താൻ കൊണ്ടുപോകുന്നത് കണ്ടിട്ടും നിസംഗത പാലിച്ചതായി ആരോപിച്ച് മാർക്കറ്റിലെ ചുമട്ടുതൊഴിലാളി പൂൾ ലീഡർക്കെതിരെ പൊലീസിൽ പരാതി നൽകി. കോൺഗ്രസ് തോട്ടക്കാട്ടുകര മണ്ഡലം പ്രസിഡന്റ് ബാബു കൊല്ലംപറമ്പിലാണ് പൂൾ ലീഡർ താജുദ്ദീനെതിരെ ആലുവ പൊലീസിൽ പരാതി നൽകിയത്.
ബാലികയുമായി കൊലയാളി പോകുന്നത് കണ്ടുവെന്നും എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോൾ മദ്യപിക്കാൻ പോവുകയാണെന്നും പറഞ്ഞതായാണ് താജുദ്ദീൻ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നത്. ആലുവ മാർക്കറ്റിൽ ലഹരി മരുന്ന് ഉപയോഗം ഉള്ളതായും മാർക്കറ്റ് മൂന്നു മണിക്ക് ശേഷം ഓപ്പൺ ബാറാണെന്നും താജുദ്ദീൻ പറഞ്ഞിരുന്നു.
പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ശിക്ഷാർഹമാണെന്നുള്ള കാര്യം അറിയാമായിരുന്നിട്ടും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു തൊഴിലാളി നേതാവ് എന്ന നിലയിൽ അത് തടയാനോ പൊലീസിൽ അറിയിക്കാനോ താജുദ്ദീൻ തയാറായില്ല എന്നാണ് പരാതിയിൽ പറയുന്നത്.
സ്വന്തം ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറുന്ന സി.ഐ.ടി.യു നേതാവ് വാർത്താ ചാനലുകളിലൂടെ പറയുകയല്ലാതെ മാർക്കറ്റിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് നാളിതുവരെ ഒരു പരാതിയും ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിട്ടില്ലെന്നുമാണ് പരാതിക്കാര ന്റെ ആക്ഷേപം.
അതേസമയം, ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ താജുദ്ദീൻ നൽകിയ തുമ്പാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കുഞ്ഞിന്റെ കൈപിടിച്ച് ഒരാൾ ആലുവ മാർക്കറ്റിന്റെ പിൻവശത്തേക്ക് പോകുന്നത് കണ്ടെന്ന് ചുമട്ട് തൊഴിലാളിയായ താജുദ്ദീൻ പൊലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായെന്ന വാർത്തയറിഞ്ഞതോടെയാണ് ഇദ്ദേഹം താൻ കണ്ട വിവരങ്ങൾ കൈമാറിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഹാർ സ്വദേശി അസ്ഫാഖ് ആലമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.