കാട്ടാനയുടെ ചവിട്ടേറ്റ് പൊലീസുകാരന്‍റെ നെഞ്ചിന് പരിക്ക്
text_fieldsഎടക്കര: പോത്തുകല്ലിൽ കാട്ടാനയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. കോഴിക്കോട് എ.ആർ ക്യാമ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോത്തുകൽ വനം സ്റ്റേഷനിലെത്തിയ സിവിൽ പൊലിസ് ഓഫീസർ സംഗീതിനാണ് (30) പരിക്കേറ്റത്. ഇയാളെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകി രാവിലെ ഒമ്പതരയോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ബുധനാഴ്ച രാവിലെ ഏഴരയോടെ പോത്തുകൽ കോടാലിപൊയിലിലാണ് സംഭവം. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ മോഴയാന ഭീതിപരത്തി നിലയുറപ്പിച്ച വിവരമറിഞ്ഞെത്തിയ വനപാലക സംഘത്തിലായിരുന്നു സംഗീത്. കനത്ത മഴക്കിടെ ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിൽ ആന ഫോറസ്റ്റ് ജീവനക്കാരെ പിന്തുടർന്നു. അതിനിടെ കാൽ വഴുതി വീണ സംഗീതിനെ ആന ചവിട്ടുകയായിരുന്നു. നെഞ്ചിനാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി മുതൽ തന്നെ പോത്ത്കല്ല് പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി, ശാന്തിഗ്രാം, കോടാലി പൊയിൽ മേഖലയിൽ കാട്ടാന ഇറങ്ങിയിരുന്നു. അമ്പിട്ടാംപൊട്ടി ചാലിയാർ പുഴ കടന്നാണ് കാട്ടാനകൾ എത്തിയത്. പോത്ത്കല്ല് കോടാലി പൊയിലിൽ ഇറങ്ങിയ കാട്ടാനയെ രാവിലെ നാട്ടുകാരും പൊലീസും വനപാലകരും ചേർന്നാണ് കാട് കയറ്റാൻ ശ്രമിച്ചത്. ഇതിനിടെയാണ് സ്പെഷ്യൽ സ്ക്വാഡിലെ പൊലീസുകാരന് പരിക്കേറ്റത്. തുടർന്ന് സെയ്ൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആനയെ തുരത്തി.
മലയേര മേഖലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും വെടിവെച്ച് തുരത്താനുമായി കോഴിക്കോട് ജില്ലയിൽ നിന്നും പതിനെട്ട് പൊലിസുകാരെ വനം വകുപ്പിൽ ഡെപ്യൂട്ടേഷനിൽ നിയമിച്ചിട്ടുണ്ട്. ഇത്തരത്തിൽ എത്തിയ സംഘാംഗമാണ് പരിക്കേറ്റ സംഗീത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.