ഗര്‍ഭിണിയായ യുവതിയെ അവസാന നിമിഷം റഫര്‍ ചെയ്തു; ഗർഭസ്ഥശിശു മരിച്ചു
text_fieldsകാട്ടാക്കട: കാട്ടാക്കട ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗര്‍ഭിണിയായ യുവതിയെ അവസാന നിമിഷം റഫര്‍ ചെയ്തു; തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെത്തിയപ്പോഴേക്കും ഗർഭസ്ഥശിശു മരിച്ചു. സ്വകാര്യആശുപത്രിയിലെ ചികിത്സപ്പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമായതെന്നാരോപിച്ച് ബന്ധുക്കൾ ഞായറാഴ്ച വൈകീട്ട് ആശുപത്രിയിലെത്തി ബഹളംവെച്ചതോടെ ആശുപത്രിപരിസരം സഘര്‍ഷഭരിതമായി.
കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം വീട്ടിൽ സെയ്യദ് അലിയുടെ ഭാര്യ ഫാത്തിമ മിന്നത്തിന്‍റെ (25) ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ഗർഭിണിയായിരുന്ന ഫാത്തിമ ഈ മാസം 12 മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 14ന് അഡ്മിറ്റ് ചെയ്ത് സ്കാൻ ചെയ്തു. മൂന്ന് ദിവസം ആശുപത്രി വാസം കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു.
തുടര്‍ന്ന് അസ്വസ്ഥതകൾ ഉണ്ടായതോടെ ഞായറാഴ്ച പുലർച്ച ഒന്നോടെ വീണ്ടും സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവന്നു. തുടർന്ന് അഞ്ചരയോടെ എസ്.എ.ടി. ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. മറ്റു പ്രശ്നങ്ങളില്ലെന്നും കൂടുതൽ പരിശോധന ആവശ്യമാണെന്നുമാണ് ബന്ധുക്കളോട് പറഞ്ഞത്. എസ്.എ.ടി ആശുപത്രിയിലെ പരിശോധനയിൽ മണിക്കൂറുകൾക്കു മുമ്പ് കുഞ്ഞ് മരിച്ചതായാണ് ഡോക്ടർമാർ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
കാട്ടാക്കടയിലെ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നാരോപിച്ച് ഭർത്താവും ബന്ധുക്കളും ആശുപത്രിയിലെത്തി ബഹളം വെച്ചു. ഒടുവില്‍ കാട്ടാക്കട പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി. അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് കാട്ടാക്കട പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.