അപൂർവരോഗം തളർത്തുന്നു; കരുതൽ തേടി സഹോദരിമാർ
text_fieldsതിരുവനന്തപുരം: പഠനം തുടരാൻ ആഗ്രഹമുണ്ടെങ്കിലും ഓർമക്കുറവും മറ്റ് ശാരീരിക അവശതകളും സഹോദരിമാരെ തളർത്തുന്നു. അപൂർവരോഗം ബാധിച്ച 21കാരി ഫാത്തിമ ഫർഹാനയുടെയും 12 കാരി ഫാദിയയുടെയും ചെലവേറുന്ന ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാകാതെ കുഴങ്ങുകയാണ് മാതാവ് ഷംല. പാൻക്രിയാസിനെ ബാധിച്ച നെസ്ഡിയോ ബ്ലാസ്റ്റോസിസ് എന്ന അപൂർവരോഗമാണ് പഠനത്തിൽ മിടുക്കരായ രണ്ട് പെൺകുട്ടികളുടെയും ജീവിതത്തിൽ കരിനിഴലായത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സഹോദരിമാർ.
പത്താം ക്ലാസിൽ അസുഖബാധിതയായ ഫാത്തിമയുടെ പഠനവും മുടങ്ങി. വർഷങ്ങൾ കഴിഞ്ഞ് ഓപൺ സ്കൂൾ വഴിയാണ് പത്താംതരം പാസായത്. ആറാം ക്ലാസ് വരെ പഠിച്ച ഫാദിയയുടെ പഠനം രോഗം സ്ഥിരീകരിച്ചതോടെ മുടങ്ങി. ഫാത്തിമക്ക് ഓർമക്കുറവിലായിരുന്നു തുടക്കം. പഠിക്കാൻ മിടുക്കിയായ കുട്ടി ഉഴപ്പുകയാണെന്നുകരുതി മാതാവും അധ്യാപകരും ശകാരിച്ചു. എന്നാൽ ഒരുദിവസം രക്തത്തിൽ പഞ്ചസാര അമിതമായി കുറഞ്ഞ് ക്ലാസിൽ തളർന്നുവീണു. മൂന്ന് വർഷത്തോളം ആശുപത്രികൾ കയറിയിറങ്ങി. ഒടുവിൽ ബംഗളൂരുവിലെ ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ചത്. പാൻക്രിയാസിന്റെ 90 ശതമാനവും തിരുവനന്തപുരത്തെ ആശുപത്രിയിൽ ശസ്ത്രക്രിയയിൽ നീക്കം ചെയ്തിട്ടും രോഗം കുറഞ്ഞില്ല. ഇപ്പോൾ മാസം ലക്ഷം രൂപയോളം ചെലവു വരുന്ന കുത്തിെവപ്പിലാണ് ജീവിതം. വർഷങ്ങൾ കഴിഞ്ഞ് ഫാദിയയും ക്ലാസിൽ തളർന്നുവീണു.
ഫാത്തിമയുടെ അതേ രോഗാവസ്ഥയാണ് ഹാദിയക്കുമെന്നറിഞ്ഞതോടെ ഭർത്താവ് ഉപേക്ഷിച്ചുപോയത് വാടകവീട്ടിൽ മക്കൾക്കൊപ്പം കഴിഞ്ഞുവന്ന മാതാവ് ഷംലയെ കൂടുതൽ നിസ്സഹായയാക്കി. സുമനസ്സുകളുടെ സഹായമാണ് െചലവേറിയ മരുന്നുകൾ അനിവാര്യമായ പെൺകുട്ടികളുടെ ജീവൻ നിലനിർത്തുന്നത്. വേട്ടമുക്ക് കട്ടച്ചൽ റോഡിലെ വീട്ടിലാണ് ഇപ്പോൾ താമസം. സഹായം പ്രതീക്ഷിച്ച് ഫാത്തിമ ഫർഹാനയുടെ പേരിൽ എസ്.ബി.ഐ ശാസ്തമംഗലം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 42761221104. ഐ.എഫ്.എസ്.സി: SBIN0070023. ഗൂഗ്ൾപേ നമ്പർ: 6282074734.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.