സൗഹൃദക്കൂട്ടിെൻറ കാമറയിൽ പതിഞ്ഞത് അപൂർവ ദേശാടനപക്ഷി
text_fieldsനടുവണ്ണൂർ: മുഹമ്മദ് ഹിറാഷിെൻറയും ജിതേഷ് നൊച്ചാടിെൻറയും കാമറയിൽ പതിഞ്ഞത് അപൂർവ ദേശാടനപക്ഷി. അപൂർവ ദേശാടകനായ ചെന്തലയൻ തിനക്കുരുവിയെയാണ് (Red-headed Bunting)ജില്ലയിൽ നടുവണ്ണൂരിനടുത്ത കാവുന്തറ ഏച്ചിൽ മലയിൽ കണ്ടെത്തിയത്.
നടുവണ്ണൂർ പഞ്ചായത്തിലെ ഏച്ചിൽമല ജൈവവൈവിധ്യ കേന്ദ്രം കൂടിയാണ്. വടക്ക് പടിഞ്ഞാറൻ ചൈന, മംഗോളിയ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ വിന്യസിച്ച് കിടക്കുന്ന ഈ പക്ഷി സാധാരണമായി മധ്യ ഇന്ത്യയിലേക്കാണ് ശിശിരകാല ദേശാടനം നടത്താറുള്ളത്.
ഈ പക്ഷിയെ കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് കണ്ടെത്തുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ വിവിധ ജില്ലകളിൽ ഇതിെൻറ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുധാന്യങ്ങൾ ഭക്ഷിക്കുന്ന ചെന്തലയൻ തിനക്കുരുവി പ്രജനന കാലത്ത് ചെറുപ്രാണികളെയാണ് ആഹാരമാക്കുക. കോഴിക്കോട് ബേർഡേഴ്സ് കൂട്ടായ്മയിലെ പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫർമാരുമായ റവന്യു ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഹിറാഷ് വി.കെ എയർടെൽ സെയിൽസ് മാനേജറായ ജിതേഷ് നൊച്ചാട് എന്നിവരാണ് തങ്ങളുടെ പതിവ് പക്ഷിനിരീക്ഷണത്തിനിടെ പക്ഷിയെ കണ്ടെത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തത്.
പക്ഷിയുടെ ഫോട്ടോ പരിശോധിച്ച പ്രമുഖ പക്ഷി നിരീക്ഷകനായ സത്യൻ മേപ്പയൂർ പെൺ വർഗത്തിൽപ്പെട്ട ചെന്തലയൻ തിനക്കുരുവിയാണെന്ന് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.