ഒരു ചുവപ്പൻ പ്രണയകഥ
text_fieldsകേരളത്തിെൻറ സാമൂഹിക-രാഷ്ട്രീയ വെളിച്ചത്തിൽ ഇത്രയേറെ ചർച്ചചെയ്യപ്പെട്ട ഒരു പ്രണയവും വിവാഹവും വേറെയുണ്ടാകാൻ വഴിയില്ല. സംസ്ഥാനത്തിെൻറ ആദ്യത്തെ മന്ത്രിസഭയിൽ അംഗങ്ങളായ ടി.വി. തോമസും കെ.ആർ ഗൗരിയും ആയിരുന്നു ആ പ്രണയജോടികൾ എന്നത് അതിെൻറ ചരിത്ര പ്രാധാന്യവും വർധിപ്പിച്ചു.
ഒരേ പാർട്ടിയിൽ ഒരേ ആദർശത്തിൻെറ കാറും കോളുമേറ്റ് പരസ്പരം തോന്നിയ ഇഷ്ടമായിരുന്നു ഗൗരിയമ്മയുടെയും ടി.വിയുടെയും. അതിനുമുമ്പ് സാക്ഷാൽ എ.കെ.ജി നേരിട്ടുതന്നെ വിവാഹഭ്യർഥന നടത്തിയെങ്കിലും ഗൗരിയമ്മ തിരസ്കരിച്ചിരുന്നു. ടി.വിയും ഗൗരിയമ്മയും രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ പരസ്പരം അറിയുകയും അടുക്കുകയുമായിരുന്നു. ഒരേ കാലത്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുമ്പോൾ അവർ കൂടുതൽ അടുത്തു. ബഷീറിെൻറ 'മതിലുകളി'ലെ പോലെ കൂറ്റൻ മതിൽക്കെട്ടുകൾക്ക് ഇരുപുറവുമായി കല്ലുകളിൽ ചുരുട്ടി എറിഞ്ഞ കത്തുകളിലൂടെ ആ ബന്ധം ശക്തമായി. താൻ അങ്ങോട്ട് കയറി ടി.വി യെ പ്രണയിക്കുകയായിരുന്നില്ലെന്ന് ഗൗരിയമ്മ പിന്നീട് പറഞ്ഞിട്ടുണ്ട്. ജയിൽ മോചനമൊക്കെ കഴിഞ്ഞ ഒരു നാൾ കമ്യൂണിസ്റ്റ്പാർട്ടി നേതാക്കളായ സി. അച്യുതമേനോനും സി.കെ കുമാര പണിക്കരും ഗൗരിയമ്മയുടെ വീട്ടിൽ ചെന്ന് നേരിട്ട് വിവാഹമാലോചിച്ചു. പിന്നീട് മൂന്നു വർഷം കഴിഞ്ഞായിരുന്നു അവരുടെ വിവാഹം. അതും 1957ൽ പാർട്ടി അധികാരത്തിലേറി രണ്ടു മാസം പിന്നിട്ട് മേയ് 30ന് മന്ത്രി മന്ദിരത്തിൽ. മാലയെടുത്തു കൊടുത്തത് മുഖ്യമന്ത്രി ഇ.എം.എസ്. മന്ത്രിക്കല്യാണമെന്ന് സുഹൃത്തുക്കൾ വിശേഷിപ്പിച്ചു. 1957ലെ ആദ്യ ഇ.എം.എസ് മന്ത്രിസഭയിൽ ഗൗരിയമ്മ റവന്യൂ വകുപ്പും ടി.വി. തോമസ് വ്യവസായ തൊഴിൽ വകുപ്പുമായിരുന്നു പ്രധാനമായി കൈകാര്യം ചെയ്തിരുന്നത്.
പാർട്ടി പിളർന്നു; ഹൃദയങ്ങളും
1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. 63ൽ ഡൽഹിയിൽ നടന്ന ദേശീയ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 17 പേർ ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കി. അങ്ങനെ സി.പി.എം നിലവിൽവന്നു. ടി.വി തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലുമായി. ഇരു പാർട്ടികളും ബദ്ധശത്രുക്കളുമായി. ഒരു വീട്ടിൽ രണ്ട് കാഴ്ചപ്പാടുകളുമായി അവർ കഴിഞ്ഞ നാളുകൾ. 1967ൽ ഇരു പാർട്ടികളും മുന്നണിയായി മത്സരിച്ച് അധികാരത്തിലേറിയപ്പോൾ രണ്ടു പാർട്ടികളിലായി ഇരുവരും മന്ത്രിസഭയിലുണ്ടായിരുന്നു. ഗൗരിയമ്മ റവന്യൂ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളും ടി.വി തോമസ് വ്യവസായ വകുപ്പും.
പാർട്ടികൾ തമ്മിൽ വേർപിരിഞ്ഞപോലെ ജീവിതത്തിലും വേർപിരിയാതിരിക്കാൻ ഗൗരിയമ്മ പാർട്ടിയിൽനിന്ന് രണ്ടു വർഷത്തേക്ക് അവധിയെടുത്തുവെങ്കിലും, 'ചൈന ചാരത്തി' എന്ന് പറഞ്ഞ് അറസ്റ്റിലായി. വൈകാതെ ഇരുവരും വേർപിരിഞ്ഞു. ഈ ദാമ്പത്യത്തിൽ മക്കളില്ലാതെ പോയത് ഗൗരിയമ്മയുടെ വലിയ ദുഃഖങ്ങളിലൊന്നായിരുന്നു.
രോഗബാധിതനായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടി.വിയെ അടുത്തിരുന്ന് പരിചരിക്കാൻ പാർട്ടി ഗൗരിയമ്മയെ അനുവദിച്ചത് വെറും രണ്ടാഴ്ചയായിരുന്നു. പിന്നീട് ടി.വിയെ തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോഴാണ് പിന്നീട് കണ്ടത്.
1977 മാർച്ച് 26ന് ടി.വി അന്തരിച്ചു. തിരുവനന്തപുരത്ത് മൃതദേഹം കാണാൻ മാത്രമാണ് പോയത്. മൃതദേഹം മൂടിയിരുന്ന തുണി നീക്കി ആ മുഖമൊന്ന് കണ്ടു. ചാത്തനാട്ടെ കളത്തിൽപറമ്പിൽ മൃതദേഹം കൊണ്ടുവരണമെന്ന ആഗ്രഹം നടന്നില്ല.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ മുഖ്യമന്ത്രിയാവേണ്ടിയിരുന്നത് ഇ.എം.എസല്ല ടി.വി തോമസായിരുന്നെന്ന് പിൽക്കാലത്ത് ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്. പാർട്ടിക്കുവേണ്ടി വേർപിരിഞ്ഞെങ്കിലും ടി.വി തനിക്കേറ്റവും പ്രിയപ്പെട്ടവനായിരുന്നുവെന്നും അദ്ദേഹത്തിെൻറ അന്ത്യനാളുകളിൽ അടുത്തിരുന്ന് പരിചരിക്കാൻ കഴിയാതെ പോയത് ഏറ്റവും വലിയ സങ്കടമായിരുന്നുവെന്നും ടി.വി. തോമസിനോടുള്ള അടക്കാനാവാത്ത സ്നേഹം അവർ തുറന്നുപറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.