പി.പി.ഇ കിറ്റ് ധരിച്ച് കവർച്ച പതിവാക്കിയയാൾ പിടിയിൽ
text_fieldsപയ്യോളി: പി.പി.ഇ കിറ്റ് പോലുള്ള വസ്ത്രം ധരിച്ച് കവർച്ച പതിവാക്കിയ മോഷ്ടാവ് പൊലീസ് പിടിയിലായി. കണ്ണൂർ ചാവശ്ശേരി മുഴക്കുന്ന് പറമ്പത്ത് കെ.പി. മുബാഷിർ (26) ആണ് പയ്യോളി സി.ഐ എം.പി. ആസാദിെൻറയും സംഘത്തിെൻറയും വലയിലായത്.
കഴിഞ്ഞ സെപ്റ്റംബർ 30ന് പുലർച്ചെയാണ് പയ്യോളി ദേശീയപാതയോരത്തെ ഫെഡറൽ ബാങ്കിന് സമീപമുള്ള ഇലക്ട്രോണിക്സ് കടയിൽ കയറി പി.പി.ഇ കിറ്റ് പോലുള്ള വസ്ത്രവും മാസ്കും ധരിച്ച് മുഖം തിരിച്ചറിയാത്ത രൂപത്തിൽ കവർച്ച നടത്തിയത്.
വീണ്ടും ഒക്ടോബർ 17ന് പുലർച്ചെ തച്ചൻകുന്നിലെ സൂപ്പർമാർക്കറ്റിലും ടൗണിനടുത്തുള്ള നെല്ലേരി മാണിക്കോത്തെ കോഴിക്കടയിലും വളർത്തുമത്സ്യക്കടയിലും മോഷണം നടത്തി. മറ്റൊരു ദിവസം തിക്കോടിയിലെ കടയിലും കവർച്ച നടത്തിയിരുന്നു.
കയറുന്ന കടകളിലെ സി.സി.ടി.വി കാമറ ദിശമാറ്റിവെച്ച ശേഷമാണ് ഇയാൾ മോഷണമാരംഭിക്കുക . സമീപത്തെ കടകളിലെയും സ്ഥാപനങ്ങളിലെയും കാമറകൾ പരിശോധിച്ചതിലൂടെയാണ് പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
മോഷണത്തിനായി വിവിധ ജില്ലകളിൽ താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്യുന്നത്. ആറ് മാസമായി കൊയിലാണ്ടി ചെങ്ങോട്ട്കാവ് ചേലിയ റോഡിലെ വാടകമുറിയിലാണ് താമസിച്ചിരുന്നത്.
താമസസ്ഥലത്തിനടുത്തു വെച്ചാണ് ഇയാൾ അറസ്റ്റിലായത്. കണ്ണൂരിലും വയനാട്ടിലുമടക്കം ഡസനിലധികം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. കണ്ണിലെ പുരികത്തിലെ അടയാളവും ശരീരം ഒരു ഭാഗം ചരിഞ്ഞുള്ള നടത്തവുമാണ് പ്രതിയെ തിരിച്ചറിയാൻ സഹായകമായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം കൊയിലാണ്ടി സബ് ജയിലിലേക്ക് റിമാൻഡിനയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.