മേയറുടെ രാജിക്ക് സമര പരമ്പര; സംഘർഷഭൂമിയായി തലസ്ഥാനം
text_fieldsതിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ നാലാം ദിവസവും സംഘർഷഭൂമിയായി കോർപറേഷൻ പരിസരം. കനത്ത പൊലീസ് സുരക്ഷയിലും ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ കോർപറേഷൻ വളപ്പില്‍ ചാടിക്കടന്നും പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ്, ബി.ജെ.പി, യുവമോർച്ച പ്രവർത്തകരാണ് രാവിലെ തന്നെ പ്രതിഷേധവുമായി കളം നിറഞ്ഞത്. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ മണിക്കൂറുകളോളം ഗതാഗതവും സ്തംഭിച്ചു.
പ്രതിഷേധം ആളിപ്പടര്‍ന്നതോടെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പിന്നീട്, ലാത്തിച്ചാർജും നടത്തി. ലാത്തിയടിയേറ്റ മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി അടക്കമുള്ളവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. രാവിലെ തുടങ്ങിയ സംഘർഷാവസ്ഥക്ക് ഉച്ചക്ക് ഒരു മണിയോടെയാണ് അയവുവന്നത്. ഈ സമയമെല്ലാം മേയര്‍ കനത്ത പൊലീസ് സുരക്ഷയില്‍ നഗരസഭയിലെ ഓഫിസ് മുറിയിലുണ്ടായിരുന്നു.
പ്രതിഷേധം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ മേയര്‍ പൊലീസ് സുരക്ഷയില്‍ ഓഫിസിലെത്തിയിരുന്നു. മേയര്‍ എത്തിയതിനു പിന്നാലെ, നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുരക്ഷാ വലയം മറികടന്ന് മേയറുടെ ഓഫിസ് മുറിക്കു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു.
ഇവരെ മാറ്റാൻ പൊലീസ് ബലം പ്രയോഗിച്ചു. ഇതോടെ, ഉന്തും തള്ളും വാക്കേറ്റവുമായി. ഏറെ ശ്രമത്തിനുശേഷം പൊലീസ് ഇവരെ പുറത്തെത്തിച്ചു. ഇതിനു പിന്നാലെ, മഹിള കോണ്‍ഗ്രസ് മുദ്രാവാക്യങ്ങളുമായി കോർപറേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെ തടയാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ, ഓഫിസിനുള്ളില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ എം.ആര്. ഗോപന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം ആരംഭിച്ചു.
ഇതിനിടെ, മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർക്കും പ്രവർത്തകർക്കും നേരെ വനിതാ പൊലീസ് ലാത്തി വീശി. ജില്ല പ്രസിഡന്റ് ലക്ഷ്മി, ഭാരവാഹികളായ സുനിത വിജയന്, ബീന അജിത്ത്, സുശീല, ലീന, ദീപ അനില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ, പ്രതിഷേധം രൂക്ഷമായി. ഓഫിസിനു മുന്നിലെ കോണ്‍ഗ്രസിന്റെ സത്യഗ്രഹപ്പന്തലിലുണ്ടായിരുന്ന പ്രവര്‍ത്തകരെല്ലാം കൂട്ടത്തോടെ ഇവിടേക്കെത്തി. തുടര്‍ന്ന്, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ അതിരൂക്ഷ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.ഇതിനിടെ, കോർപറേഷൻ ഓഫിസില്‍നിന്ന് പുറത്തേക്കുവന്ന ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പ്രകടനമായി മെയിന്‍ ഗേറ്റിനു മുന്നിലെത്തി.
ഇതേസമയം തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രകടനമായെത്തി. ഇവരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ, വീണ്ടും പ്രതിഷേധം കനത്തു.
ഇതിനു പിന്നാലെ, പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ അല്പസമയത്തിനുശേഷം തിരികെയെത്തി പ്രതിഷേധം തുടര്‍ന്നു. അപ്പോഴും പരിക്കേറ്റ ജെബി മേത്തറെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല. അതിൽ പ്രകോപിതരായ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുമായി വാക്കേറ്റമായി. വീണ്ടും കോർപറേഷൻ ആസ്ഥാനം സംഘര്‍ഷത്തിന്റെ പിടിയിലമര്‍ന്നു. ജെബിയെ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് എടുത്തുകൊണ്ടാണ് പോയത്. പൊലീസിന്റെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞതോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി മതില് ചാടിക്കടന്നു. പൊലീസിനുനേരെ കല്ലേറുമുണ്ടായി.
ഇതോടെ, പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ, വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് തുടങ്ങിയവർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.