കണ്ണനൂരിൽ മോഷണ പരമ്പര; മോഷണം നടന്നത് വ്യാപാര സ്ഥാപനങ്ങളിൽ
text_fieldsകണ്ണനൂരിലെ മോഷണം നടന്ന സ്റ്റുഡിയോവിൽ വിരലടയാള വിദഗ്ധൻ പരിശോധന നടത്തുന്നു
കുഴൽമന്ദം: കണ്ണനൂരിൽ പ്രദേശവാസികളെ ഭീതിയിലാക്കി വെള്ളിയാഴ്ച പുലർച്ച മോഷണ പരമ്പര. ആറ് വ്യാപാര സ്ഥാപനങ്ങളിലെ അഞ്ചിടങ്ങളിൽനിന്ന് പണവും സാധനങ്ങളും നഷ്ടമായി. പുലർച്ച മൂന്നിനും നാലരക്കും ഇടക്കാണ് സംഭവം. തേങ്കുറുശ്ശി മണിയംകോട് എം. ജ്യോതിഷ്കുമാറിെൻറ കണ്ണനൂരിലെ ഫോക്കസ് സ്റ്റുഡിയോയിൽനിന്ന് അരലക്ഷം രൂപ വരുന്ന കാമറ, ഫ്ലാഷ്, മെമ്മറി കാർഡ്, 1000 രൂപ എന്നിവ ഉൾപ്പെടെ ഒരുലക്ഷത്തിെൻറ സാധനങ്ങളാണ് മോഷ്ടിച്ചത്.
സമീപത്തുള്ള കല്ലേക്കാട് ബാല നിവാസിൽ പി. സന്തോഷിെൻറ ഉടമസ്ഥതയിലുള്ള എസ് ഫോർ സ്റ്റുഡിയോയിൽനിന്ന് കാമറയും ഉപകരണങ്ങളും ഉൾപ്പെടെ 75,000 രൂപയുടെ സാധനങ്ങളും മോഷണം പോയി. കണ്ണാടി കുതിരപ്പുര കെ. പുഷ്പരാജിെൻറ ഉടമസ്ഥയിലുള്ള കണ്ണനൂരിലെ ശലഭ ഡ്രസ്സ് ആൻഡ് മൊബൈൽ കടയിൽനിന്ന് 7,000 രൂപ, ആറ് മൊബൈൽ ഫോൺ, തുണിത്തരങ്ങൾ എന്നിവയുൾപ്പെടെ 25,000 രൂപയുടെ സാധനങ്ങളും നഷ്ടപ്പെട്ടു.
തൊട്ടടുത്ത കണ്ണാടി ചാത്തൻകുളങ്ങര പറമ്പ് എസ്. അബുതാഹിറിെൻറ ഉടമസ്ഥയിലുള്ള എസ്.എം ഹാർഡ് വെയറിൽനിന്ന് 6,000 രൂപ മോഷ്ടിക്കപ്പെട്ടു. ഫോക്കസ് സ്റ്റുഡിയോയുടെ എതിർവശമുള്ള യു.എസ് അറേബ്യൻ സൂപ്പർ മാർക്കറ്റിലെ രണ്ട് പൂട്ടുകൾ തകർത്തെങ്കിലും മോഷ്ടകൾക്ക് അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല.
ഇവിടെനിന്ന് അരകിലോമീറ്റർ അപ്പുറം ദേശീയപാതക്കരികിലുള്ള സൂരജ് ടൈൽസ് സ്ഥാപനത്തിൽനിന്ന് 7,500 രൂപ, മൊബൈൽ ഫോൺ എന്നിവയും മോഷണം പോയിട്ടുണ്ട്. ഈ മൊബൈലിൽനിന്ന് യൂസർ നെയിം, പാസ് വേഡ് ഉപയോഗിച്ച് ഓൺലൈൻ വിനിമയത്തിന് ശ്രമിച്ചതായി ഉടമ പി. റാഷിത്തിന് മൊബൈലിൽ രാവിലെ പത്തരയോടെ സന്ദേശം ലഭിച്ചതായി പറഞ്ഞു.
എല്ലായിടത്തും ലിവർ ഉപയോഗിച്ച് പൂട്ടുകൾ തകർത്താണ് മോഷണം. ദേശീയപാതക്ക് സമീപത്താണ് കച്ചവട സ്ഥാപനങ്ങൾ. അഞ്ചുപേരെടങ്ങുന്ന സംഘം കാറിലെത്തിയാണ് മോഷണം നടത്തിയെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ടൗൺ സൗത്ത് പൊലീസ് ഇൻസപെക്ടർ പി.പി. ജോയ്, എസ്.ഐമാരായ എം. മുരുകൻ, കെ.പി. നാരണയൻകുട്ടി, ഷുഹൈബ്, ഡോഗ് സ്ക്വാഡിലെ 'മാക്സ്' നൊപ്പം ആർ. പ്രകാശ്, പി.ആർ. സുനിൽ, വി.കെ. രജീഷ്, വിരലടയാള സംഘത്തിലെ വിദഗ്ധൻ ആർ.കെ. രാജേഷ്കുമാർ എന്നിവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.