ഏക സിവിൽ കോഡ് രാജ്യത്തെ ഭിന്നിപ്പിക്കും -കാന്തപുരം
text_fieldsകോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. മറുപടി കിട്ടിയ ശേഷം മറ്റ് നടപടികളിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏക സിവിൽ കോഡ് വന്നാൽ രാജ്യത്തിന്റെ അഖണ്ഡത ഇല്ലാതാകും. ഭിന്നിപ്പ് വർധിക്കുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. രാഷ്ട്രീയം മറന്ന് ഏകസിവിൽ കോഡ് വിഷയവുമായി ബന്ധപ്പെട്ട സി.പി.എം ദേശീയ സെമിനാറിൽ എല്ലാവരും ഒറ്റക്കെട്ടായി പങ്കെടുക്കണമെന്നും സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം മുസ്‍ലിം ലീഗിനോട് തന്നെ ചോദിക്കണമെന്നും ഒരു ചോദ്യത്തിനു മറുപടിയായി കാന്തപുരം പ്രതികരിച്ചു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലെ ആശങ്കകൾ അറിയിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാന മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, നിയമ കമ്മീഷൻ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ഇന്ത്യയുടെ പ്രധാന സവിശേഷതയായ ബഹുസംസ്‌കാരവും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിലേക്കും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലേക്കും ഏകീകൃത സിവിൽ കോഡ് വഴിവെക്കുമെന്നും ഈ വിഷയത്തിൽ കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്നും കാന്തപുരം നിവേദനത്തിൽ ആവശ്യപ്പെട്ടു.
സാംസ്‌കാരികവും മതപരവുമായ വൈവിധ്യങ്ങൾ നിലനിൽക്കെ തന്നെയാണ് ഇന്ത്യ ഇന്ന് കാണുന്ന പ്രതാപവും വികസനവും കൈവരിച്ചത്. രാജ്യ പുരോഗതിയെ ഈ വൈവിധ്യങ്ങൾ ഹനിക്കുന്നില്ലെന്നും മതേതര ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷ-ന്യൂനപക്ഷ വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും കത്തിൽ സൂചിപ്പിച്ചു. ഏക സിവിൽ കോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ബഹുസ്വര സമൂഹത്തിന് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നിഷേധമാണ് അതെന്നും കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.