വിജിലൻസ് കോടതിയിൽ ചേര; അഴിമതിക്കേസ് വാദത്തിന് ‘സ്റ്റേ’, കോടതിയുടെ പ്രവർത്തനം ഒരു മണിക്കൂർ തടസ്സപ്പെട്ടു
text_fieldsതൃശൂർ: അഴിമതി നടത്തുന്ന ഭരണാധികാരികളെ വെള്ളം കുടിപ്പിക്കുന്ന വിജിലൻസ് കോടതിയെ ഒരു കുഞ്ഞുചേര വിറപ്പിച്ചു. ബുധനാഴ്ച തൃശൂർ വിജിലൻസ് കോടതിയെയാണ് ചേര മണിക്കൂറുകൾ പരിഭ്രാന്തിയിലാക്കിയത്. ഉച്ചഭക്ഷണത്തിന് ശേഷം കോടതി നടപടികൾ തുടരുന്നതിനിടെ മൂന്നോടെയാണ് പാമ്പിനെ കണ്ടത്. ഓഫിസ് സ്റ്റാഫ് ഇരിക്കുന്ന സെക്ഷനിലെ അലമാരയില്‍ എന്തോ ഇഴഞ്ഞ് കയറുന്നത് കണ്ട സാക്ഷിയാണ് ജീവനക്കാരെ അറിയിച്ചത്. ബെഞ്ച് ക്ലർക്ക് ഇക്കാര്യം ജഡ്ജിയെ അറിയിച്ചതോടെ കോടതിയുടെ പ്രവർത്തനം തൽക്കാലം നിർത്തിവെച്ചു. അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ നിർണാക വാദം നടക്കുമ്പോഴായിരുന്നു ചേരയുടെ രംഗപ്രവേശം.
ജീവനക്കാർ കോടതിക്കടുത്തുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫിസില്‍ വിവരമറിയിച്ചു. അവിടെനിന്ന് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് പ്രൊട്ടക്ഷന്‍ വിങ്ങിന് (എസ്.ഐ.പി) വിവരം കൈമാറി. അലമാരയിൽനിന്ന് പുറത്തിറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ജീവനക്കാരും നിന്നു. നിമിഷങ്ങൾക്കകം എസ്.ഐ.പി ഉദ്യോഗസ്ഥന് എത്തി ഓഫിസ് പരിസരവും ചേര കയറിയ അലമാരയും പരിശോധിച്ചു.സമീപത്തുണ്ടായിരുന്നവരെ മാറ്റി. ഫയലുകൾക്കിടയിൽ വാല് കണ്ടതോടെ ചേരയുടെ സാന്നിധ്യം ഉറപ്പിച്ചു. ഫയലുകൾ നീക്കി വാലിൽ പിടികൂടാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഉള്ളിലേക്ക് കയറി. ഒരു മണിക്കൂറോളം ശ്രമിച്ച ശേഷമാണ് പിടികൂടിയത്. രണ്ടര അടിയോളം നീളമുള്ള ചേരയെ വനം വകുപ്പ് കൊണ്ടുപോയി. ഇതിന് ശേഷമാണ് കോടതി നടപടികൾ പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.