ശ്വാസതടസ്സം; ലഡാക്കിൽ മലയാളി സൈനികൻ മരിച്ചു
text_fieldsഅരീക്കോട് (മലപ്പുറം): ശ്വാസതടസ്സത്തെത്തുടർന്ന് ജമ്മു -കശ്മീരിലെ ലഡാക്കിൽ മലയാളി സൈനികൻ മരിച്ചു. കുനിയിൽ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകൻ കെ.ടി. നുഫൈലാണ് (26) മരിച്ചത്. വ്യാഴാഴ്ച രാവിലെ ജോലിക്കിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെയായിരുന്നു മരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
നുഫൈൽ എട്ടുവർഷമായി ആർമി പോസ്റ്റൽ സർവിസിൽ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസം, മേഘാലയ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം ഒന്നരവർഷം മുമ്പാണ് ലഡാക്കിലെത്തിയത്. ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിൻഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് പോയത്. വ്യാഴാഴ്ച രാവിലെ ഭാര്യയെ വിളിച്ച് ശ്വാസതടസ്സം ഉണ്ടായതിനെതുടർന്ന് ആശുപത്രിയിൽ പോകുകയാണെന്ന് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ നുഫൈലിന്റെ വിയോഗം നാടിന് നടുക്കമായി. ഹയർസെക്കൻഡറി വരെ കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസിലായിരുന്നു പഠനം.
മൃതദേഹം രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദർശനത്തിന് വെച്ച ശേഷം കുനിയിൽ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ആമിന. സഹോദരങ്ങൾ: ഫൗസിയ, ശിഹാബുദ്ദീൻ, മുഹമ്മദ് ഗഫൂർ, സലീന, ജസ്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.