പ്രത്യേക യോഗം ചേര്‍ന്നു; കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി വേഗത്തിലാവും
text_fieldsകണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി വേഗത്തിലാക്കാന്‍ അടിയന്തര ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് എ.ഡി.എം, ജനപ്രതിനിധികള്‍, ഹൈക്കോടതി പ്ലീഡര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.
കഴിഞ്ഞ ആഴ്ച എം.എല്‍.എമാരായ രാമചന്ദ്രന് കടന്നപ്പള്ളി, കെ.വി. സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ എ.ഡി.എം ഉള്‍പ്പടെയുള്ളവര്‍ അഡ്വക്കറ്റ് ജനറലുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. പദ്ധതിക്കെതിരെ നിലനില്‍ക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ എ.ജിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്. ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. കെ.വി. മനോജും യോഗത്തില്‍ പങ്കെടുത്തു.
വികസനവുമായി ബന്ധപ്പെട്ട് കേസില്‍പ്പെട്ട റോഡുകളില്‍ ഒരാഴ്ചക്കകം എതിര് സത്യവാങ്മൂലം നല്‍കാനും കാര്യ വിവരപട്ടിക ഹൈകോടതിയില്‍ സമര്‍പ്പിക്കാനും തീരുമാനിച്ചു. കേസില്‍പ്പെടാത്ത സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ ദ്രുതഗതിയില്‍ ആരംഭിക്കും.
ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ രൂപവത്കരിച്ചു. പദ്ധതി അനന്തമായി നീളുന്നതില്‍ ജനങ്ങളില്‍നിന്നും വലിയരീതിയില്‍ ആക്ഷേപം ഉയരുന്നതായി കെ.വി. സുമേഷ് യോഗത്തില്‍ ഉന്നയിച്ചു. വളപട്ടണം, പുതിയതെരു ഭാഗങ്ങളില്‍ രാത്രി വൈകിയും ഗതഗതാക്കുരുക്ക് മൂലം യാത്രക്കാര്‍ വലിയ രീതിയില്‍ പ്രയാസപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്കില്‍ പെട്ട് വിദ്യാര്‍ഥികളടക്കം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പദ്ധതി യാഥാര്‍ഥ്യമാക്കാനായി വേഗത്തില്‍ നടപടി കൈക്കൊള്ളണമെന്നും രാമചന്ദ്രന് കടന്നപ്പള്ളി അറിയിച്ചു.
കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിലൂടെ കടന്നുപോകുന്ന 11 റോഡുകള്‍ വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്കായി 738 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. വാഹന ഗതാഗതത്തിന് പുറമെ കാല്‍നട യാത്രക്കാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. കൂടാതെ ട്രാഫിക് സിഗ്നൽ സംവിധാനങ്ങളും ഡ്രെയ്നേജ്, ട്രാഫിക് ജങ്ഷന് പ്രത്യേക ഡിസൈന്‍, യൂട്ടിലിറ്റി സര്‍വിസ് തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.
എ.ഡി.എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ രാമചന്ദ്രന് കടന്നപ്പള്ളി, കെ.വി. സുമേഷ്, എ.ഡി.എം കെ.കെ. ദിവാകരന്, ഡെപ്യൂട്ടി കലക്ടര്‍ ടി.വി. രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.