ബി.ജെ.പി പാട്ട് വിവാദത്തിൽ വിചിത്ര വിശദീകരണം
text_fieldsകോഴിക്കോട്: പദയാത്രക്കിടെ പ്രചാരണഗാനം മാറിയ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ബി.ജെ.പി മലപ്പുറം സമൂഹമാധ്യമ ടീം. ലൈവ് കൊടുക്കാനായി തയാറാക്കിയ വാഹനത്തിലെ ജനറേറ്റർ കേടായപ്പോൾ യുട്യൂബിൽനിന്ന് ഗാനങ്ങൾ എടുത്തപ്പോൾ മാറിപ്പോയെന്നാണ് വിശദീകരണം. ബി.ജെ.പി കേരളയുടെ പേജിൽനിന്നാണ് ഗാനമെടുത്തത്. യു.പി.എ സർക്കാറിന്റെ കാലത്ത് ബി.ജെ.പി പ്രതിപക്ഷത്തിരുന്ന സമയത്ത് ഉണ്ടായിരുന്ന ഗാനമാണിതെന്നും വിശദീകരണത്തിലുണ്ട്.
എന്നാൽ, ഈ വിശദീകരണത്തിൽ കേരളത്തിലെ ബി.ജെ.പി നേതൃത്വം തൃപ്തരല്ല. സംഭവത്തിൽ സംസ്ഥാന ഐ.ടി സെല്‍ ചെയര്മാൻ എസ്. ജയശങ്കറിനെതിരെ നടപടിവേണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 2014ന് ശേഷമാണ് ബി.ജെ.പി കേരളം എന്ന ഔദ്യോഗിക യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. ഐ.ടി ടീം പറയുന്നതരത്തിലുള്ള ഒരു ഗാനം യുട്യൂബിലില്ലെന്നും മനഃപൂർവം ഗാനം വെച്ചതാണെന്നും കേരളനേതൃത്വം ആരോപിക്കുന്നു. ഗാനത്തിലെ ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ...’ എന്ന വരിയാണ് വിവാദമായത്.
എന്നാൽ, എസ്. ജയശങ്കറിനെതിരെ നടപടി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കേരള നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ജയശങ്കർ കേന്ദ്ര നേതൃത്വവുമായും ആർ.എസ്.എസ് നേതൃത്വവുമായും നല്ല അടുപ്പം സൂക്ഷിക്കുന്നയാളാണ്. പാട്ട് വിവാദം അനാവശ്യമാണെന്നും നടപടി ആവശ്യമില്ലെന്നുമുള്ള മുതിർന്ന നേതാവ് പ്രകാശ് ജാവ്ദേക്കറിന്റെ വാക്കുകൾ ഇതാണ് സൂചിപ്പിക്കുന്നത്. ഐ.ടി സെല്‍ ചെയര്മാന് ജയശങ്കറും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും തമ്മില്‍ നേരത്തേതന്നെ അഭിപ്രായഭിന്നതകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.