കേരളത്തിലുമുണ്ട്, 13 വർഷം അവധിയെടുക്കാതെ സ്കൂളിൽപ്പോയി റെക്കോർഡിട്ട കുട്ടി
text_fieldsമലപ്പുറം: യു.കെയിൽ ഒരു ദിവസം പോലും അവധിയെടുക്കാതെ 12 വർഷവും സ്കൂളിൽ പോയി റെക്കോർഡിട്ട വിദ്യാർഥിയെ നാം കണ്ടു. എന്നാൽ ഇങ്ങ് കേരളത്തിലുമുണ്ട് ഇതിലുമേറെക്കാലം അവധിയെടുക്കാതെ സ്കൂളിൽ പോയി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച മിടുക്കി.
മലപ്പുറം സ്വദേശി അക്ഷയയാണ് യു.കെ.ജി മുതൽ പ്ലസ് ടു വരെ 13 വർഷം അവധിയില്ലാതെ സ്കൂളിൽ പോയി ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡിൽ ഇടം നേടിയത്. 2021ലായിരുന്നു അക്ഷയയുടെ റെക്കോർഡ്. നിലവിൽ ബി.ടെക്കിന് പഠിക്കുന്ന അക്ഷയ കോളജിലും ഇതുവരെ അവധിയെടുത്തിട്ടില്ലെന്ന് പിതാവ് പി. മണികണ്ഠൻ പറഞ്ഞു.
യു.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ കോയമ്പത്തൂർ വിദ്യാനികേതൻ സ്കൂളിലാണ് അക്ഷയ പഠിച്ചത്. ആറ് മുതൽ 10 വരെ മഞ്ചേരി നോബിൾ പബ്ലിക് സ്കൂൾ, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽമലപ്പുറം കൊണ്ടോട്ടി എയർപോർട്ട് സീനിയർ ഹയർ സെക്കണ്ടറി സ്കൂളിലും പഠിച്ചു.
ഇപ്പോൾ ഉത്തർ പ്രദേശ് മീററ്റിലുള്ള ശോഭിത് യൂനിവേഴ്സിറ്റിയിൽ ബി.ടെക് ബയോ ഇൻഫർമേറ്റിക്സ് പഠിക്കുകയാണ്. കോളജിൽ പഠിച്ച രണ്ട് വർഷവും അവധിയെടുത്തിട്ടില്ല. എന്നാൽ കോളജ് കാലഘട്ടം റെക്കോർഡിന് പരിഗണിച്ചിട്ടില്ല. അതുകൂടെ പരിഗണിച്ചാൽ 15 വർഷം അവധിയെടുക്കാതെ പഠിച്ച വിദ്യാർഥിയാണ് അക്ഷയയെന്ന് പിതാവ് പറഞ്ഞു. മറ്റ് നിരവധി റെക്കോർഡുകളും അക്ഷയയുടെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.