കൊക്കയിൽ വീണു പരിക്കേറ്റ് രക്ഷപ്പെടാനായി കിലോമീറ്ററോളം നടന്ന വിദ്യാർഥിക്ക് പുതുജൻമം
text_fieldsഈരാറ്റുപേട്ട: വാഗമൺ സന്ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ കൊക്കയിലേക്ക് വീണ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട് കോയമ്പത്തൂർ ശരവണപ്പെട്ടി കുമാരഗുരു എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗം വിദ്യാർഥിയായ സഞ്ജയ്ആണ് അപകടത്തിൽപെട്ടത്.
വാഗമൺ കാരികാട് ഭാഗത്ത് ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. കോളജിൽനിന്ന് സഞ്ജയ് ഉൾപ്പെടെ 41 പേരടങ്ങിയ വിദ്യാർഥി സംഘമാണ് കഴിഞ്ഞദിവസം വാഗമണ്ണിലെത്തിയത്. ഞായറാഴ്ച രാവിലെ സംഘം മടങ്ങുന്നതിനിടെ കാരികാട് ടോപ്പിൽ വാഹനം നിർത്തിയിരുന്നു. ഇതിനിടെ സഞ്ജയ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചക്കിടെ കൊക്കയുടെ വശത്തെ തിട്ടയിൽ തങ്ങിനിന്നതിനാൽ വൻഗർത്തത്തിലേക്ക് പതിച്ചില്ല. ഇതാണ് സഞ്ജയ്ക്ക് രക്ഷയായതെന്ന് പൊലീസ് പറഞ്ഞു.
സഞ്ജയ് ഇവിടെനിന്ന് ഇറങ്ങി വിജനമായ പ്രദേശത്തുകൂടി നടന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഒരുകിലോമീറ്ററോളം പരിക്കുമായി ഇയാൾ നടന്നതായും പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് ഈരാറ്റുപേട്ടയിൽനിന്ന് എത്തിയ അഗ്നിരക്ഷ സേനയും പൊലീസും തീക്കോയി പഞ്ചായത്ത് മെംബർ രതീഷും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മണിക്കൂറുകൾക്കു ശേഷമാണ് ഒരു കിലോമീറ്റർ അകലെനിന്ന് ഇയാളെ കണ്ടെത്തി പുറത്തേക്ക് എത്തിച്ചത്. നടുവിനും കാലിനും പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.