വായ്പേതര സംഘങ്ങളെ കുറിച്ചുള്ള പഠന റിപ്പോർട്ട് സമർപ്പിച്ചു
text_fieldsകോഴിക്കോട് :സംസ്ഥാന വായ്പേതര സഹകരണ സംഘങ്ങളെ കുറിച്ച് പഠിക്കാൻ കേരള ബാങ്ക് ഭരണസമിതി നിയോഗിച്ച ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചു. സമിതി ചെയർമാനും,കൺസ്യൂമർഫെഡ് ചെയർമാനുമായ എം. മെഹബൂബ് റിപ്പോർട്ട് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനു സമർപ്പിച്ചു.
കേരള ബാങ്ക് ഡയറക്ടർമാരായ ഇ. രമേഷ് ബാബു, കെ.വി. ശശി എന്നിവരാണ് സമിതിയുടെ മറ്റ് അംഗങ്ങൾ. ഇതര സംഘങ്ങൾ നേരിടുന്ന നിരവധി പ്രശ്നങ്ങളിൽ പഠനം നടത്തി സംഘങ്ങൾക്ക് ഉത്തേജകമാകുന്ന രീതിയിൽ പദ്ധതികൾ ഒരുക്കാനാണ് സമിതി രൂപീകരിച്ചത്.
ഇതര സംഘങ്ങളുടെ പ്രസിഡന്റുമാരുമായി ജില്ലാ അടിസ്ഥാനത്തിൽ യോഗം ചേരുകയും, മുതിർന്ന സഹകാരികൾക്ക് ചോദ്യാവലി നൽകി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. മുൻ ജില്ലാ സഹകരണ ബാങ്ക് ഇതര സംഘങ്ങൾക്ക് നൽകിയ ആനുകൂല്യങ്ങളും സേവനങ്ങളും കേരള ബാങ്ക് രൂപീകരിച്ച ശേഷം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്.
സംസ്ഥാനത്തെ 17,000 ഇതര സംഘങ്ങളെ കുറിച്ച് പഠിച്ച് അവയെ ശാക്തീകരിക്കുന്ന നടപടികൾ സ്വീകരിക്കുന്നത് വഴി സഹകരണ സംഘങ്ങൾ തമ്മിലുള്ള സഹകരണം എന്ന അടിസ്ഥാനതത്വം പ്രാവർത്തികമാക്കാനാണ് റിപ്പോർട്ടിൽ ശ്രമിച്ചത്. കേരള ബാങ്ക് രൂപീകരണ ലക്ഷ്യം തന്നെ എല്ലാ സംഘങ്ങളെയും സംരക്ഷിച്ചു ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.